ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വിജ്ഞാപനമായി ; 300 കമ്പനി കേന്ദ്രസേനകൂടി എത്തി
ന്യൂഡൽഹി ജമ്മു കശ്‌മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള വിജ്‌ഞാപനം തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ചു. സെപ്‌തംബർ 25ന് 26 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്. കമീഷന്റെ വിജ്‌ഞാപനപ്രകാരം സെപ്‌തംബർ അഞ്ചുവരെ നാമനിർദേശപത്രികകൾ നൽകാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്‌തംബർ ഒമ്പത്. സെപ്‌തംബർ 18, 25, ഒക്‌ടോബർ ഒന്ന് എന്നീ തീയതികളിലായാണ് തെരഞ്ഞെടുപ്പ്. തീവ്രവാദ ഭീഷണി കണക്കിലെടുത്ത് കേന്ദ്രസേനയുടെ മുന്നൂറ് കമ്പനികളെകൂടി ജമ്മുവിൽ വിന്യസിച്ചു. ജമ്മു, കത്വ, സാംബ മേഖലകളിലായാണ് അധികസേനയെ വിന്യസിക്കുക. ആകെ ആയിരം കമ്പനി കേന്ദ്രസേന സുരക്ഷാചുമതലയിലുണ്ടാകും. ജമ്മു–-കശ്‌മീരിലെ ആകെയുള്ള 11838 പോളിങ് ബൂത്തുകളിൽ 6458 ബൂത്തുകൾ പ്രശ്‌നബാധിതമാണ്. ഇതിൽ 6200 ബൂത്തുകളും ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലായാണ്. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലാണ് സെപ്‌തംബർ 18ന് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ്. തെക്കൻ കശ്‌മീരിലെ മണ്ഡലങ്ങളിലാണ് പ്രശ്‌നബാധിത ബൂത്തുകൾ ഏറെയും. 35പത്രിക തള്ളി ജമ്മു കശ്‌മീരിൽ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് സമർപ്പിക്കപ്പെട്ട 279 നാമനിർദേശ പത്രികകളിൽ 35 എണ്ണം തള്ളി. 244 പത്രികകൾ അംഗീകരിച്ചു. യുഎപിഎ ചുമത്തി ജയിലിൽ അടയ്‌ക്കപ്പെട്ട മതപുരോഹിതനായ സർജൻ അഹമദ് വാഗെയുടെ പത്രികയും തള്ളിയവയിൽ ഉൾപ്പെടും. തീവ്രവാദികൾക്ക് ഫണ്ട് അനുവദിച്ചെന്ന കേസിൽ വാഗെയും ഭാര്യയും നിലവിൽ ജയിലിലാണ്. മകളാണ് വാഗെയ്‌ക്കായി പത്രിക നൽകിയത്. 8 സീറ്റിൽ സ്ഥാനാർഥികളെ നിർത്താനാകാതെ ബിജെപി ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന കശ്‌മീർ താഴ്‌വരയിലെ എട്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താനാകാതെ ബിജെപി. തീവ്രവാദ ഭീഷണി രൂക്ഷമായ തെക്കൻ കശ്‌മീരിലെ എട്ട് സീറ്റുകളിലാണ് ബിജെപിക്ക് സ്ഥാനാർഥികളില്ലാത്തത്. കശ്‌മീരിൽ തീവ്രവാദം ഇല്ലാതായെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അവകാശവാദങ്ങളെ പൊളിക്കുന്നതാണ് തെക്കൻ കശ്‌മീരിൽ സ്ഥാനാർഥികളെ നിർത്താനാവാത്ത ബിജെപിയുടെ സ്ഥിതി. നാഷണൽ കോൺഫറൻസ്–- കോൺഗ്രസ് സഖ്യത്തിന് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന താഴ്‌വരയിലെ 16 സീറ്റിൽ 15 ഇടത്ത് സ്ഥാനാർഥികളുണ്ട്. കുൽഗാമിൽ സിപിഐഎം സ്ഥാനാർഥി മുഹമദ് യൂസഫ് തരിഗാമിക്ക് എൻസി–-കോൺഗ്രസ് സഖ്യം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിഡിപിക്ക് 16 സീറ്റുകളിലും സ്ഥാനാർഥികളുണ്ട്. ഗുലാംനബി ആസാദിന്റെ ഡെമോക്രാറ്റിക്ക് ആസാദ് പാർടിക്ക് താഴ്‌വരയിലെ അഞ്ച് സീറ്റിൽ മാത്രമാണ് സ്ഥാനാർഥികൾ. സെപ്‌തംബർ 18 ന് വോട്ടെടുപ്പ് നടക്കുന്ന ഒന്നാം ഘട്ടത്തിൽ 24 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതിൽ 16 സീറ്റുകൾ കശ്‌മീർ താഴ്‌വരയിലും എട്ട് സീറ്റുകൾ ജമ്മുവിലുമാണ്. ആകെ 279 സ്ഥാനാർഥികൾ മൽസരരംഗത്തുണ്ട്. Read on deshabhimani.com