ജമ്മുവിൽ ബിജെപിയെ തുണച്ചത്‌ കോൺഗ്രസ്‌ ; കണക്കുകൂട്ടൽ പൊളിച്ച്‌ 
കശ്‌മീർ താഴ്‌വര



ന്യൂഡൽഹി ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു മേഖലയിൽ മുമ്പൊരിക്കലുമില്ലാത്ത തിരിച്ചടിയാണ്‌ കോൺഗ്രസ്‌ നേരിട്ടത്‌. രണ്ട്‌ വർക്കിങ്‌ പ്രസിഡന്റുമാരടക്കം ജമ്മു മേഖലയിൽ മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെല്ലാം കൂട്ടത്തോൽവി. ഇവിടെ 29 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ജയിച്ചത് രജൗരിയില്‍ മാത്രം. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച്‌ മത്സരിച്ചപ്പോൾ പോലും അഞ്ച്‌ സീറ്റിൽ കോൺഗ്രസ്‌ ജയിച്ചിരുന്നു. വോട്ടുവിഹിതവും കുത്തനെ ഇടിഞ്ഞു. ഛാംപ്‌  മണ്ഡലത്തിൽ കോൺഗ്രസ്‌ വർക്കിങ്‌ പ്രസിഡന്റും മുൻ ഉപമുഖ്യമന്ത്രിയുമായ താരാചന്ദും ബനിഹാലിൽ മുൻ മന്ത്രി വികർ റസൂൻ വാനിയും മൂന്നാം സ്ഥാനത്തായി. വർക്കിങ്‌ പ്രസിഡന്റും മുൻ മന്ത്രിയുമായ രമൺ ഭല്ല ആർഎസ്‌ പുരയിലും രണ്ടുവട്ടം ലോക്‌സഭാംഗമായിരുന്ന ലാൽ സിങ്‌ ബസോഹ്‌ലിയിലും ബിജെപിയോട്‌ തോറ്റു. മുൻ മന്ത്രിമാരായ മനോഹർ ലാൽ ശർമ, യോഗേഷ്‌ ഷോഹ്‌നി, മുള റാം, മുഹമ്മദ്‌ ഷബീർ എന്നിവരെല്ലാം തോൽവി രുചിച്ചു. നാഷണൽ കോൺഫറൻസ്‌ ജമ്മു മേഖലയിൽ മത്സരിച്ച 16ൽ ഏഴ്‌ സീറ്റിൽ ജയിച്ചു. ജമ്മു മേഖലയിലെ കോൺഗ്രസിന്റെ മോശം പ്രകടനം പരിശോധിക്കുമെന്ന്‌ പിസിസി പ്രസിഡന്റ്‌ താരിഖ്‌ ഹമീദ്‌ കർറ മാധ്യമങ്ങളോട്‌ പറഞ്ഞു. ജമ്മുവിൽ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും വീഴ്‌ചകൾ സംഭവിച്ചുവെന്നും താരിഖ് ഹമീദ് കർറ തുറന്നുസമ്മതിച്ചു. കണക്കുകൂട്ടൽ പൊളിച്ച്‌ 
കശ്‌മീർ താഴ്‌വര ‘നയാകശ്‌മീർ’ വാഗ്‌ദാനം ചെയ്‌ത്‌ ജമ്മുകശ്‌മീരിലും അധികാരം പിടിക്കാമെന്ന ബിജെപിയുടെ മനക്കോട്ട തകർത്തത്‌ കശ്‌മീർ താഴ്‌വരയിലെ ജനവിധി. ജമ്മുമേഖലയിലെ 43 സീറ്റുകളിൽ 29 സീറ്റുകൾ നേടിയെങ്കിലും ബിജെപിക്ക്‌ കശ്‌മീർമേഖലയിലെ 47 സീറ്റുകളിൽ ഒന്ന്‌ പോലും ജയിക്കാനായില്ല. പ്രത്യേകപദവി റദ്ദാക്കി, സംസ്ഥാനപദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിന്റെ അധികാരധാർഷ്ട്യത്തിനുള്ള മറുപടി കൂടിയാണ്‌ കശ്‌മീർ ജനത നൽകിയത്‌. ജമ്മു കശ്‌മീരിൽ അധികാരം പിടിക്കാൻ ബിജെപി പതിനെട്ടടവും പയറ്റിയിരുന്നു. തികച്ചും ഏകപക്ഷീയമായ മണ്ഡല പുനഃനിർണയത്തിലൂടെ ജമ്മുമേഖലയിൽ ആറ്‌ സീറ്റുകൾ പുതിയതായി രൂപീകരിച്ചു. ഇതില്‍ അഞ്ചിലും ബിജെപിയാണ്‌ ജയിച്ചത്‌. അതേസമയം, ഹിന്ദു ഭൂരിപക്ഷ മേഖലയിലെ രണ്ട്‌ പ്രധാനപ്പെട്ട മണ്ഡലങ്ങളായ ബാനിയിൽ 18,672 വോട്ടിനും റംബാനിൽ 8,869 വോട്ടിനും ബിജെപി സ്ഥാനാർഥികൾ തോറ്റു. കശ്‌മീർ താഴ്‌വരയിൽ എൻജിനീയർ റാഷിദിന്റെ അവാമി ഇത്തെഹാദ്‌ പാർടിയെയും നിരോധിക്കപ്പെട്ട ജമ്മു കശ്‌മീർ ജമാഅത്ത്‌ ഇസ്ലാമിയെയും മുന്നിൽനിർത്തിയാണ്‌ ബിജെപി കരുക്കൾ നീക്കിയത്‌. എന്നാൽ, രാഷ്ട്രീയവഞ്ചന കശ്‌മീരിലെ വോട്ടർമാർ തിരിച്ചറിഞ്ഞു.   Read on deshabhimani.com

Related News