"കേദാർനാഥ് ക്ഷേത്രത്തില്‍
228 കിലോ സ്വർണം നഷ്ടമായി' ; ജ്യോതിർമഠം ശങ്കരാചാര്യർ



മുംബൈ ഉത്തരാഖണ്ഡിലെ വിഖ്യാതമായ കേദാർനാഥ് ക്ഷേത്രത്തില്‍ നിന്നും 228 കിലോഗ്രാം സ്വർണം നഷ്ടമായെന്നും അതേകുറിച്ച് അന്വേഷിക്കാന്‍ അധികാരികള്‍ തയാറാകുന്നില്ലെന്നും ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. കേദാർനാഥിന്റെ മാതൃകയില്‍ ഡല്‍ഹിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ നടത്തുന്ന നീക്കത്തെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ‘കേദാർനാഥിലെ ശ്രീകോവിലിനുള്ളിൽ വലിയ സ്വർണ തട്ടിപ്പ് നടന്നു. 228 കിലോഗ്രാം സ്വർണം നഷ്ടമായിട്ടും അതേക്കുറിച്ച് അന്വേഷണമില്ല. അവിടെ അഴിമതി നടത്തി​യശേഷം ഇനി ഡൽഹിയിൽ കേദാർനാഥ് ക്ഷേത്രം നിർമിക്കുകയാണ്. അത് മറ്റൊരു തട്ടിപ്പാണ്.’ -അദ്ദേഹം തുറന്നടിച്ചു. രാഷ്ട്രീയക്കാർ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണ്. കേദാർനാഥിന്റെ സ്ഥാനം ഹിമാലയത്തിലാണ്. അത് എങ്ങനെ ഡൽഹിയിൽ നിർമിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉള്‍പ്പെടെ പങ്കെടുത്താണ് അടുത്തിടെ ഡല്‍ഹിയില്‍ കേദാര്‍നാഥ് മാതൃകയിലുള്ള ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്തിയത്. Read on deshabhimani.com

Related News