അദാനി ഗ്രൂപ്പിന്റെ സോളാർ അഴിമതി 
തടയണം : സംയുക്ത കിസാൻ മോർച്ച



ന്യൂഡൽഹി അദാനി കമ്പനിയും കേന്ദ്ര പൊതുമേഖല സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഓഫ്‌ ഇന്ത്യയും തമ്മിലുള്ള സൗരോർജ കരാർ നിർത്തിവയ്‌ക്കണമെന്ന്‌ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആവശ്യപ്പെട്ടു. അഴിമതിക്കരാറുമായി മുന്നോട്ടുപോയാൽ ശക്തമായ ബഹുജന പ്രക്ഷാേഭം സംഘടിപ്പിക്കും. മോദി സർക്കാരിന്റെ അഴിമതികൾക്കെതിരെ രംഗത്തിറങ്ങാനും എസ്‌കെഎം ആഹ്വാനം ചെയ്‌തു. 2020ലെ കർഷകസമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്‌ വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണം നിർത്തിവയ്‌ക്കണമെന്നതായിരുന്നു. രാജ്യത്തെ പൊതുമേഖല വൈദ്യുതി വിതരണ കമ്പനികളുടെ കരാർ നേടിയെടുക്കാന്‍ അദാനിഗ്രൂപ്പ്‌ വഴിവിട്ട്‌ ശ്രമിച്ചതാണ്‌ അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത കേസിന്‌ അടിസ്ഥാനം. എസ്‌കെഎമ്മുമായി കൂടിയാലോചിക്കാതെ വൈദ്യുതിമേഖലയിൽ പരിഷ്‌കരണങ്ങൾ നടപ്പാക്കില്ലെന്ന 2021ലെ ഉറപ്പാണ്‌ മോദിസർക്കാർ ലംഘിച്ചത്‌. ചങ്ങാതി മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണിത്‌. വൈദ്യുതി സ്വകാര്യവൽക്കരണത്തിന്‌ എതിരായി ഡിസംബർ നാലിന്‌ ഉത്തർപ്രദേശിൽ പ്രതിഷേധം സംഘടിപ്പിക്കും. സ്‌മാർട്ട്‌ മീറ്ററുകൾക്കും വൈദ്യുതി സ്വകാര്യവൽക്കരണത്തിനും എതിരെ പ്രതിഷേധിക്കാൻ എല്ലാ സംസ്ഥാന ഘടകങ്ങളോടും എസ്‌കെഎം ആഹ്വാനം ചെയ്‌തു. Read on deshabhimani.com

Related News