ബം​ഗാളിലെ ഡോക്ടറുടെ കൊലപാതകം : സുപ്രീംകോടതി സ്വമേധയാ കേസെടുത്തു



ന്യൂഡൽഹി കൊൽക്കത്തയിലെ ആര്‍ജി കര്‍ സര്‍ക്കാര്‍ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സം​ഗംചെയ്ത്‌ കൊന്നസംഭവത്തിൽ പശ്‌ചിമബംഗാൾ സർക്കാരിന്റെ കള്ളക്കളിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെ‍ഞ്ച്‌ ചൊവ്വാഴ്ച കേസ് പരി​ഗണിക്കും. കൊലപാതകികളെ സംരക്ഷിച്ചതും തെളിവ്‌ നശിപ്പിച്ചതുമടക്കം മമത സർക്കാരിനെതിരെ രൂക്ഷവിമർശമാണ്‌ കേസിന്റെ തുടക്കംമുതൽ ഉയർന്നത്‌. സംസ്ഥാന പൊലീസ്‌ നടപടി വൈകിപ്പിച്ചപ്പോൾ, സർക്കാരിന്റെ പിടിപ്പുകേട്‌ തുറന്നുകാട്ടി കൽക്കട്ട ഹൈക്കോടതിയാണ്‌ കേസിന്റെ  അന്വേഷണം ചൊവ്വാഴ്‌ച സിബിഐക്ക്‌ വിട്ടത്. ഇതിനുപിന്നാലെയാണ്‌ ഞായറാഴ്‌ച  സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ. നിഷ്‌പക്ഷ അന്വേഷണത്തിന്‌ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സെക്കന്തരാബാദ് ആര്‍മി കോളേജ് ഒഫ് ഡെന്റൽ സയൻസസിലെ ഡോ. മോണിക്ക സിങ് ചീഫ് ജസ്റ്റിസിന് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. സുപ്രീംകോടതിയിലെ അഭിഭാഷകരും തെലങ്കാനയിൽനിന്നുള്ള ഡോക്‌ടർമാരും ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഒമ്പതിനാണ്‌ മുപ്പത്തിയൊന്നുകാരിയായ ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാര്‍ റൂമിൽ കണ്ടെത്തിയത്.   Read on deshabhimani.com

Related News