വൻ പ്രതിഷേധമുയര്‍ത്തി ഇടതുമുന്നണി ; ആയിരങ്ങൾ അണിനിരന്ന റാലികൾ
കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗംചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദികളായവരെയെല്ലാം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഉജ്വല പ്രതിഷേധമുയര്‍ത്തി ഇടതുമുന്നണി. കൊൽക്കത്തയിലും ജില്ലാ ആസ്ഥാനങ്ങളിലും ആയിരങ്ങൾ അണിനിരന്ന വമ്പൻ റാലികൾ നടന്നു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരം, ആരോഗ്യ വകുപ്പ് ചുമതല മുഖ്യമന്ത്രി മമത ബാനർജി ഒഴിയണം, അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ച കൊൽക്കത്ത പൊലീസ് കമ്മീഷണറെ മാറ്റി നിർത്തണം തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രതിഷേധം. കൊൽക്കത്തയിലെ രാജാബജാർ ട്രാം ഡിപ്പോയിൽനിന്ന് തുടങ്ങിയ പ്രകടനം ശ്യാംബജാർ–- ആർ ജി കർ റോഡ് ജംഗ്‌ഷനിൽ പൊലീസ് തടഞ്ഞു. മണിക്ത്തലയിൽ ബാരിക്കേഡ് തകർത്ത് ജനങ്ങൾ മുന്നേറി. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പിബി അംഗം സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. ഡോക്ടർന്മാരുടെ സമരസമിതി ചൊവ്വാഴ്ച ഈസ്റ്റേൺ ബൈപാസിൽ മനുഷ്യചങ്ങല തീർത്തു. പൊലീസ് കമ്മീഷണർ വിനീത് ഗോയൽ ഡോക്‌ടർമാരുടെ പ്രതിനിധി സംഘത്തെ കാണാനും നിവേദനം സ്വീകരിക്കാനും തയാറായതോടെ പൊലീസ് ആസ്ഥാനമായ ലാൽബസാറിൽ 24 മണിക്കൂറായി തുടർന്ന ഉപരോധം ഡോക്‌ടർമാർ അവസാനിപ്പിച്ചു. സന്ദീപ് ഘോഷിനെ സസ്‌പെൻഡ് ചെയ്‌തു അഴിമതിക്കേസിൽ അറസ്‌റ്റിലായതിനുപിന്നാലെ ആർ ജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ ആരോഗ്യവകുപ്പ് സസ്‌പെൻഡുചെയ്‌തു. മെഡിക്കൽ കോളേജിലെ അഴിമതിയുമായി ബന്ധപ്പെട്ട് തിങ്കൾ രാത്രിയാണ് സിബിഐ സന്ദീപിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. Read on deshabhimani.com