ഡോക്ടര്‍മാരുടെ പ്രക്ഷോഭം ; ഒടുവില്‍ മമത മുട്ടുമടക്കി



കൊൽക്കത്ത പശ്ചിമ ബംഗാളിലെ ആർ ജി കര്‍ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ  നീതി തേടി സമരം ചെയ്യുന്ന ഡോക്ടർന്മാരുടെ മുമ്പിൽ ഒടുവില്‍ മുഖ്യമന്ത്രി മമത ബാനർജി മുട്ടുമടക്കി. സമരം തുടങ്ങി 37–-ാം ദിവസം നടന്ന ചർച്ചയിൽ സമരക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിക്കാൻ തൃണമൂൽ കോൺഗ്രസ്‌ സർക്കാർ നിർബന്ധിതരായി. ചർച്ചയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കൊൽക്കത്ത പൊലീസ് കമ്മീഷണർ, ഉത്തര കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമീഷണർ എന്നിവരെ സസ്‌പെൻഡ്‌ ചെയ്‌തു. മറ്റ് ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന ഉറപ്പും നൽകി. ഗവൺമെന്റ്‌  മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും സെക്യൂരിറ്റി പരിശോധന നടപ്പാക്കും. അതിന്‌ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതേൃക സമിതി രൂപീകരിക്കും. പ്രശ്നം ഉണ്ടായാൽ ഡോക്ടർന്മാർക്ക് നേരിട്ട് ചീഫ് സെക്രട്ടറിയെ ബന്ധപ്പെടാം. തിങ്കളാഴ്ച വൈകിട്ട്‌ 6.45ന് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചർച്ച അർദ്ധരാത്രിവരെ തുടർന്നു. സമരം അവസാനിപ്പിക്കണമെന്ന്‌ മുഖ്യമന്ത്രി അഭ്യർഥിച്ചു. എല്ലാവരുമായി ആലോചിച്ചശേഷം സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് അഭിജിത് മൊണ്ഡൽ എന്നിവരെ സിബിഎ അറസ്റ്റ്‌ ചെയ്തതോടെ കേസ്‌ പുതിയ തലത്തിലായി. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം, കൃത്യവിലോപം  തുടങ്ങിയ കുറ്റങ്ങളാണ്  ഇവർക്കെതിരെയുള്ളത്‌. ആഗസ്‌ത്‌ 9നാണ്‌ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്‌. സിബിഐ കണ്ടെത്തൽ 
ഞെട്ടിക്കുന്നത്: സുപ്രീംകോടതി കൊൽക്കത്തയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐയുടെ അന്വേഷണപുരോഗതി റിപ്പോർട്ട്‌ അസ്വസ്ഥതപ്പെടുത്തുന്നെന്ന് സുപ്രീംകോടതി. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ വിശദാംശങ്ങളിലേക്ക്‌ കടക്കുന്നില്ലെന്നും ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. മുഴുവൻ സത്യവും പുറത്തുകൊണ്ടുവരാൻ സിബിഐയ്ക്ക് സാവകാശം നൽകണം. സ്വമേധയാ എടുത്ത കേസാണ് കോടതി പരി​ഗണിച്ചത്. ആശുപത്രിയിലെ മുഴുവൻ സിസിടിവി ദൃശ്യവും കൊൽക്കത്താ പൊലീസ്‌ കൈമാറിയിട്ടില്ലെന്നും 27 മിനിറ്റ്‌ ദ-ൃശ്യം മാത്രമാണ്‌ ലഭിച്ചതെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിന്റെ നടപടി തൽസമയം സംപ്രേക്ഷണം ചെയ്യരുതെന്ന പശ്‌ചിമബംഗാൾ സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ട്‌ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവിന്‌ ചില നിർദേശങ്ങളുണ്ടെന്നും അത്‌ പരിഗണിക്കണമെന്നും സിബിഐക്ക്‌ സുപ്രീംകോടതി നിർദേശം നൽകി.   Read on deshabhimani.com

Related News