എം എസ് സ്വാമിനാഥന് വിട ; പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു
ചെന്നൈ ഇന്ത്യയുടെ വിശപ്പടക്കിയ പ്രശസ്‌ത കാർഷിക ശാസ്‌ത്രജ്ഞൻ ഡോ. എം എസ് സ്വാമിനാഥന് രാജ്യം വിടനൽകി. ചെന്നൈ ബസന്ത് നഗർ ശ്‌മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്‌ച സംസ്‌കാരം നടന്നു. കേരള സംസ്ഥാന മന്ത്രിമാരായ പി പ്രസാദ്, കെ കൃഷ്‌ണൻകുട്ടി എന്നിവർ സന്നിഹിതരായിരുന്നു. ഹരിതവിപ്ലവത്തിന്റെ പിതാവെന്ന് അറിയപ്പെട്ട അദ്ദേഹം വ്യാഴാഴ്‌ച ചെന്നൈ തേനാംപേട്ടിലെ വസതിയിലാണ് അന്തരിച്ചത്. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ ചെന്നെെയിലെ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ പൊതുദർശനത്തിന് വച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യന്‍ കാര്‍ഷികമേഖലയിലെ എം എസ് സ്വാമിനാഥന്റെ സംഭാവനകള്‍ ആഗോള അംഗീകാരം നേടിയിരുന്നു. ഭക്ഷ്യോല്‍പ്പാദനത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. അമ്പതിലധികം അന്തർദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനിച്ച 20 ഏഷ്യക്കാരില്‍ ഒരാളായി എം എസ് സ്വാമിനാഥനെ ടൈം മാഗസിന് തെരഞ്ഞെടുത്തു. ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുത്ത മറ്റു രണ്ടുപേര്‍ മഹാത്മാ ഗാന്ധിയും രബീന്ദ്രനാഥ ടാഗോറുമായിരുന്നു. Read on deshabhimani.com