മാധബി ബുച്ച്‌ എത്തിയില്ല പിഎസി യോഗം മാറ്റി



ന്യൂഡൽഹി സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യ(സെബി) മേധാവി മാധബി പുരി ബുച്ച്‌ ഹാജരാകാൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന്‌ പാർലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി(പിഎസി) യോഗം മാറ്റിവച്ചു. രാവിലെ യോഗം തുടങ്ങാനിരുന്നതിനു തൊട്ടുമുമ്പാണ്‌ മാധബിയും സെബി അംഗങ്ങളും അസൗകര്യം അറിയിച്ചതെന്ന്‌ പിഎസി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ  കെ സി വേണുഗോപാൽ പറഞ്ഞു. ഓഹരിവിപണിയിൽ മാധബിക്ക്‌ ഭിന്നതാൽപര്യങ്ങളുണ്ടെന്ന്‌ ഹിൻഡൻബർഗ്‌ റിസർച്ച്‌ റിപ്പോർട്ടിൽ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ്‌ പിഎസി ഇവർക്ക്‌  നോട്ടീസ്‌ നൽകിയത്‌. പിഎസിക്ക്‌ മുമ്പിൽ ഹാജരാകുന്നതിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ മാധബി ആദ്യം ആവശ്യപ്പെട്ടിരുന്നു.  ഈ ആവശ്യം പിഎസി തള്ളി. വ്യാഴാഴ്‌ച  ഹാജരാകാമെന്ന്‌ മാധബി വ്യക്തമാക്കിയിരുന്നെങ്കിലും  ഡൽഹിയിൽ എത്താൻ അസൗകര്യമുണ്ടെന്ന്‌ രാവിലെ 9.30ന്‌ അറിയിച്ചെന്നും സ്‌ത്രീ എന്ന പരിഗണനയിൽ അവരുടെ അഭ്യർഥന സ്വീകരിച്ചെന്നും വേണുഗോപാൽ മാധ്യമങ്ങളോട്‌ പറഞ്ഞു.   Read on deshabhimani.com

Related News