മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ലക്ഷ്യം: മദ്‌റസ അധ്യാപകരുടെ ശമ്പളം കുത്തനെ കൂട്ടി ബിജെപി സര്‍ക്കാര്‍
മുംബൈ> അടുത്ത മാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷങ്ങളെയും പിന്നാക്ക സമുദായങ്ങളെയും ആകര്‍ഷിക്കാന്‍ പദ്ധതികളുമായി ബിജെപി സര്‍ക്കാര്‍.കേരളത്തില്‍ മദ്‌റസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന വ്യാജ ആരോപണം അഴിച്ചുവിടുന്ന ബിജെപിയാണ് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഡി.എഡ് യോഗ്യതയുള്ള പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 6,000 രൂപയില്‍ നിന്ന് 16,000 രൂപയായാണ് വര്‍ധിപ്പിക്കുക. ബി.എഡ് ബിരുദമുള്ള സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ പ്രതിമാസ ശമ്പളം 8,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്‍ധിപ്പിക്കും. മദ്‌റസ അധ്യാപകരുടെ ശമ്പളവും മൗലാന ആസാദ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തന മൂലധനവും വര്‍ധിപ്പിക്കാന്‍ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.മൗലാന ആസാദ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തന മൂലധനം 600 കോടിയില്‍ നിന്ന് 1,000 കോടി രൂപയായി ഉയര്‍ത്താനുള്ള നിര്‍ദേശവും സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അവതരിപ്പിച്ചു. ഈ തുക ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ നല്‍കാന്‍ ഉപയോഗിക്കും. സാകിര്‍ ഹുസൈന്‍ മദ്‌റസ നവീകരണ പദ്ധതി പ്രകാരം മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നല്‍കാന്‍ മദ്‌റസകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സയന്‍സ്, ഗണിതം, സോഷ്യോളജി എന്നീ വിഷയങ്ങളും ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, ഉറുദു എന്നീ ഭാഷകളുമാണ് ഇതിന്റെ ഭാഗമായി മദ്‌റസകളില്‍ പഠിപ്പിക്കുന്നത്. ഇതിനായി നിയമിച്ച അധ്യാപകര്‍ക്കാണ് ശമ്പളം വര്‍ധിപ്പിച്ചത്. Read on deshabhimani.com