മഹാരാഷ്‌ട്ര മുഖ്യമന്ത്രി ; തീരുമാനം വൈകുന്നു , വഴങ്ങാതെ ഷിൻഡെ
ന്യൂഡൽഹി മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള മഹായുതി സഖ്യത്തിലെ അസ്വാരസ്യം തുടരുന്നു. ചൊവ്വാഴ്‌ച രാവിലെ മുഖ്യമന്ത്രി പദവിയിൽനിന്ന് ഏക്‌നാഥ് ഷിൻഡെ രാജിവെച്ചു. ഗവർണർ സി പി രാധാകൃഷണനെ രാജ്‌ഭവനിൽ സന്ദർശിച്ചാണ് രാജിക്കത്ത് നൽകിയത്. രാജി അംഗീകരിച്ച ഗവർണർ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഷിൻഡെയ്‌ക്ക് നിർദേശം നൽകി. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നവിസ്,അജിത് പവാർ എന്നിവരും ഷിൻഡെയ്‌ക്കൊപ്പം രാജ്‌ഭവനിലെത്തി. ഷിൻഡെയ്‌ക്ക് വീണ്ടും അവസരം നൽകണമെന്ന് ശിവസേന നേതാവ് ശംഭുരാജ് ദേശായി പരസ്യമായി ആവശ്യപ്പെട്ടു. രണ്ടുദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് ഷിർസാത്തും പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെപി നദ്ദ എന്നിവരുമായുള്ള ചർച്ച പൂർത്തിയാക്കിയശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ പാർടി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവ്‌ലെ ഫഡ്‌നവസിനെ പദവിയിലേക്ക് പിന്തുണ അറിയിച്ചു. ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാം. അല്ലെങ്കിൽ കേന്ദ്രമന്ത്രിസഭയിൽ അംഗമാകാമെന്നും അത്താവ്‌ലെ ഉപദേശിച്ചു. Read on deshabhimani.com