ഷിൻഡെയെ ഒതുക്കി; വീണ്ടും 
മുഖ്യമന്ത്രിയാകാന്‍ ഫഡ്‌നവിസ്‌ , തീരുമാനം അംഗീകരിക്കുമെന്ന്‌ ഷിൻഡെ



ന്യൂഡൽഹി മഹാരാഷ്‌ട്രയില്‍  ശിവസേന നേതാവ്‌ ഏക്‌നാഥ്‌ ഷിൻഡെയെ ഒതുക്കി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നവിസ്‌ മൂന്നാമതും മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌. ഫഡ്‌നവിസിനെ  മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ  ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്‌ചയുണ്ടായേക്കും.  മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ നൽകിയെന്നും ബിജെപിയുടെ തീരുമാനം തനിക്കും ശിവസേനയ്‌ക്കും അംഗീകരിക്കാനാകുമെന്നും ഷിൻഡെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തനിക്ക്‌ നിരാശയില്ലെന്നും രണ്ടരവർഷം കൊണ്ട്‌ മികച്ച പ്രവർത്തനം നടത്താനായെന്നും വിടവാങ്ങൽ പ്രസംഗത്തിന്‌ സമാനമായ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എൻഡിഎയുടെ തലവെനെന്ന നിലയിൽ അന്തിമ തീരുമാനം  പ്രധാനമന്ത്രിക്ക്‌ വിട്ടു. അദ്ദേഹത്തിന്റെ ഏത്‌ തീരുമാനവും ശിവസേനയ്‌ക്ക്‌ അന്തിമമാണ്‌. എന്നെയൊരു തടസ്സമായി കാണരുതെന്ന്‌ മോദിയോടും അമിത്‌ ഷായോടും പറഞ്ഞു. അവരുടെ ഏത്‌ തീരുമാനത്തിനൊപ്പവും ഉറച്ചുനിൽക്കും–-ഷിൻഡെ പറഞ്ഞു. ഷിൻഡെയും ഫഡ്‌നവിസും അജിത്‌ പവാറും വ്യാഴാഴ്‌ച ഡൽഹിയിലെത്തി അമിത്‌ഷായുമായി കൂടിക്കാഴ്‌ച നടത്തും. ഇതിനുശേഷമാകും പ്രഖ്യാപനം. വെള്ളിയാഴ്‌ച സത്യപ്രതിജ്ഞ നടന്നേക്കും. മകനും കല്യാണിൽനിന്നുള്ള ലോക്‌സഭാംഗവുമായ മകൻ ശ്രികാന്തിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നും തന്നെ  മഹായുതി കൺവീനറാക്കണമെന്നും ഷിൻഡെ ബിജെപിയോട്‌ ആവശ്യപ്പെട്ടെന്നാണ്‌  റിപ്പോർട്ട്‌. മഹായുതി കൺവീനർ സ്ഥാനമില്ലെങ്കിൽ മികച്ച വകുപ്പോടെ കേന്ദ്രമന്ത്രിയാക്കണം. ഇതോടെ ഷിൻഡെ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന്‌  ഉറപ്പായി. അതേസമയം, ഷിൻഡെയുടെ മകനെ   ഉപമുഖ്യമന്ത്രിയാക്കുന്നതിന്‌ ശിവസേനയിലെ ഒരു വിഭാഗത്തിന്‌ എതിർപ്പുണ്ട്‌. എൻസിപി നേതാവ്‌ അജിത്‌ പവാർ ധനവകുപ്പിന്റെ ചുമതലയോടെ വീണ്ടും ഉപമുഖ്യമന്ത്രിയായേക്കും. Read on deshabhimani.com

Related News