മഹാരാഷ്ട്രയിൽ വർഗീയതയ്ക്ക് പകരം ജാതി; ഹരിയാനയിൽ നിന്നും കരകയറാനാവാതെ കോൺഗ്രസും



മുംബെ> ഹരിയാനയിൽ കോൺഗ്രസിനെ അമിത ആത്മവിശ്വാസത്തിൽ വീഴ്ത്തിയപ്പോൾ മഹാരാഷ്ട്രയിൽ വെല്ലുവിളി നേരിടാൻ അത്ര എളുപ്പമല്ലെന്ന തിരിച്ചറിവിലാണ് ബി ജെ പി. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മുഖ്യപ്രതിപക്ഷമായ ശിവസേന(യുബിടി)-എന്‍സിപി(ശരദ് പവാര്‍)-കോണ്‍ഗ്രസ് കൂട്ടുകെട്ടായ മഹാ വികാസ് അഘാഡി കരുത്തുറ്റ സഖ്യമായി മുന്നിലുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം നൽകിയ കനത്ത തിരിച്ചടിയുടെ അനുഭവവും മഹായുതി സഖ്യത്തിന് മുന്നിലുണ്ട്. ഇതിനെ മറികടക്കാൻ കാർഡുകൾ മുൻകൂട്ടി ഇറക്കി തുടങ്ങിയിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ജാതി വോട്ടുകൾ ലക്ഷ്യം വെച്ചുള്ള തന്ത്രത്തിന് തുടക്കമിട്ടു. സംസ്ഥാനത്തെ പട്ടികജാതി കമ്മിഷന് ഭരണഘടനാ പദവി നല്‍കാനുള്ളതാണ് ഒരു തീരുമാനം. ഒബിസി വിഭാഗത്തിനുള്ള ക്രീമിലെയർ പരിധി എട്ടു ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്താൻ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇതുസംബന്ധിച്ച് അറിയിപ്പ് വന്നത്. പട്ടികജാതി കമ്മിഷന് ഭരണഘടനാ പദവി നല്‍കുന്നതിനായുള്ള ഓര്‍ഡിനന്‍സ് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പിൽ പ്രഖ്യാപിച്ചു.   ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ അടി സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളില്‍ 30 എണ്ണവും നേടി മഹാ വികാസ് അഘാഡി സഖ്യം ഭരണകക്ഷിയെ ഞെട്ടിച്ചിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടിയ ബിജെപി ഒമ്പതിലേക്കും എന്‍സിപി അജിത്പവാര്‍ വിഭാഗം വെറും ഒരു സീറ്റിലേക്കും ഒതുങ്ങിയിരുന്നു. 15 സീറ്റുകളില്‍ മത്സരിച്ച ശിവസേന ഷിന്‍ഡെ വിഭാഗത്തിനു വെറും ഏഴു സീറ്റ് മാത്രമാണ് നേടാനായത്. ജാതിസമവാക്യം കൃത്യമായി ഉപയോഗിച്ചതാണ് മഹാവികാസ് അഗാഡിയുടെ വിജയത്തിന് കാരണമായത്. അത് കണ്ടറിഞ്ഞ് പരിഹരിക്കാൻ കഴിയണമെന്ന നിരീക്ഷണമാണ് ഇപ്പോഴത്തെ മന്ത്രിസഭാ തീരുമാനത്തിന് പിന്നിൽ. വർഗ്ഗീയത വളർത്തുന്ന തന്ത്രം വിജയിക്കാത്തിടത്ത് ജാതിയെ ഉപയോഗപ്പെടുത്തുക. ഇതേ തന്ത്രം ഉപയോഗിച്ച് ഒബിസി-പട്ടികജാതി വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയാണ് ഹരിയാനയിൽ കോൺഗ്രസിന്റെ അമിത ആത്മവിശ്വാസത്തെ ടോർപ്പിഡോ ചെയ്തത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചുമതലയും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് നൽകിയേക്കും എന്നാണ് വാർത്തകൾ. ഹരിയാനയിൽ ജാതി രാഷ്ട്രീയത്തിൽ പ്രധാൻ നടത്തിയ നീക്കങ്ങളാണ് വിജയമായത് എന്ന വിലയിരുത്തലിലാണ്. ബിജെപിയും ഷിന്‍ഡെ വിഭാഗം ശിവസേനയും നയിക്കുന്ന മഹായുതി സഖ്യസര്‍ക്കാർ ഇടക്കാലത്ത് രൂപപ്പെട്ട അട്ടിമറി സഖ്യമാണ്. അതിനൊപ്പം ജനഹിതം അട്ടിമറിക്കാൻ കഴിയുമോ എന്ന നെഞ്ചിടിപ്പാണ് ഇപ്പഴേ തുടങ്ങിയിരിക്കുന്നത്. കോൺഗ്രസ് ദുർബലം പക്ഷെ, ചെറുകക്ഷികൾക്ക് വേരോട്ടം സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണത്തിന്റെ പകുതിയും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നതിനാൽ, ഹരിയാനയിലെ പോലെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുകളിൽ ഭരണവിരുദ്ധത നേരിടേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ അവർ അധികാരത്തിലേറിയ വഴി ജനം മറക്കാനിടയില്ല.  ഹരിയാനയിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരുന്നു. മഹാരാഷ്ട്ര ചെറു കക്ഷികളുടെ പരസ്പരം ബന്ധത്താലും ഘടനയാലും സങ്കീർണമാണ്. ആറ് പാർട്ടികൾ ഉൾപ്പെടുന്ന രണ്ട് സഖ്യങ്ങൾ തമ്മിലാണ് മത്സരം. ഓരോ പാർട്ടിക്കും അവരുടെ സിറ്റിങ് മണ്ഡലങ്ങൾ നൽകി പിളർപ്പ് തടയുകയാണ്. ശിവസേനയ്ക്ക് 40, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് (എൻസിപി) 41 സീറ്റുകൾ എന്നിങ്ങനെ പരസ്യപ്പെടുത്തിയിട്ടുണ്ട്. ആകെയുള്ള 288 സീറ്റുകളിൽ 102 എണ്ണത്തിൽ ഇനിയും തീരുമാനമായിട്ടില്ല. എൻസിപി 85 മുതൽ 90 സീറ്റ് വരെയാണ് ആവശ്യപ്പെടുന്നത്.  സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസങ്ങൾക്കിടയിൽ രണ്ടുതവണ സംസ്ഥാനം സന്ദർശിച്ചിരുന്നു.   ചെറുകക്ഷികളെ തഴയുമോ മഹാരാഷ്ട്രയിൽ എൻസിപി (ശരദ് പവാർ), ശിവസേന (ഉദ്ധവ്) എന്നിവരുമായി കോൺഗ്രസ് സഖ്യത്തിലായിരിക്കുമ്പോഴും വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ), സമാജ്വാദി പാർട്ടികൾ ഇപ്പോഴും പുറത്താണ്. ഹരിയാനയിൽ കൂട്ടുകക്ഷികളോടുള്ള നിലപാടും ചതിയായി മാറിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ഒരുമിച്ച് മത്സരിച്ച ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം വേണമെന്ന എഎപിയുടെ അഭ്യർഥന കോൺഗ്രസ് അംഗീകരിച്ചില്ല. അത്രയ്ക്കായിരുന്നു ആത്മവിശ്വാസം.  ഇതിന്റെ ഫലമായി എഎപി 87 സീറ്റുകളിൽ സ്വന്തമായി മത്സരിച്ചു. 1.80 ശതമാനം വോട്ട് അവർ പെട്ടിയിലാക്കി. കോൺഗ്രസ് തോൽക്കാൻ കാരണമായതിനേക്കാൾ കൂടുതൽ വോട്ട് എഎപി നേടിയതായാണ് കണക്ക്. ഹരിയാന മോഡലിൽ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോള അമിത ആത്മവിശ്വാസവും അവകാശവാദങ്ങളുമായി നേരത്തെ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന് നൽകണമെന്ന് പട്ടോളെയും ആവശ്യം ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. ഉദ്ധവ് താക്കറെയെ ഈ പ്രകോപനത്തോട് പ്രതികരിച്ചിട്ടില്ല. Read on deshabhimani.com

Related News