മാലെഗാവ് സ്ഫോടനം പ്രഗ്യാസിങ്ങിന്റെ പൂര്‍ണ അറിവോടെ: എൻഐഎ
മുംബൈ ബിജെപി നേതാവും മുൻ എംപിയുമായ പ്രഗ്യാസിങ് ഠാക്കൂര്‍ ഉള്‍പ്പെടെ തീവ്രഹിന്ദുത്വവാദികള്‍ പ്രതികളായ 2008ലെ മാലെഗാവ് സ്ഫോടനക്കേസിൽ, 16 വര്‍ഷത്തിനുശേഷം മുംബൈയിലെ പ്രത്യേക കോടതിയിൽ അന്തിമവിചാരണ തുടങ്ങി. സാമുദായികസ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് റംസാൻ മാസത്തിൽ, നവരാത്രിയുടെ തലേദിവസം പ്രഗ്യാസിങ്ങിന്റെ പൂര്‍ണ അറിവോടെ സ്ഫോടനം നടത്തിയതെന്ന് എൻഐഎ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലെഫ്. കേണൽ പ്രസാദ് പുരോഹിത്, സ്വയംപ്രഖ്യാപിത ശങ്കരാചാര്യ സുധാകര്‍ ദ്വിവേദി, ബോംബ് നിര്‍മ്മാണ വിദഗ്ധനായ റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, തീവ്രഹിന്ദുത്വ സംഘടന അഭിനവ് ഭാരത് നേതാവ് അജയ് റാഹിര്‍ക്കര്‍, സുധാകര്‍ ചതുര്‍വേദി, സ്ഫോടകവസ്തു സംഘടിപ്പിക്കാൻ സഹായിച്ച സമീര്‍ കുൽക്കര്‍ണി എന്നിവരാണ് മറ്റുപ്രതികൾ. സമീര്‍ കുൽക്കര്‍ണിയുടെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. 2016ൽ പ്രഗ്യാസിങ് ഠാക്കൂറിന് എൻഐഎ നൽകിയ ക്ലീൻ ചിറ്റ് വിചാരണ കോടതി തള്ളിയിരുന്നു. 2008 സെപ്തംബര്‍ 29ന് രാത്രി 9.35ന് മാലേഗാവിൽ സ്ഫോടനമുണ്ടായത്. ആറുപേര്‍ മരിച്ചു. 101 പേര്‍ക്ക് പരിക്കേറ്റു. മോട്ടോര്‍സൈക്കിളിൽ ഘടിപ്പിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. ഈ മോട്ടോര്‍സൈക്കിള്‍ പ്രഗ്യാസിങ് ഠാക്കൂറിന്റേതാണ്.അവരുടെ പൂര്‍ണ അറിവോടെയാണ് സ്ഫോടനം നടന്നത്. സൂത്രധാരൻമാരിലൊരാളായ ലെഫ്. കേണൽ പ്രസാദ് പുരോഹിത് കശ്മീരിൽ നിന്ന് ആര്‍ഡിഎക്സ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു.സുധാകര്‍ ചതുര്‍വേദിയുടെ നാസിക്കിലെ വീട്ടിൽവച്ച് ബോംബുണ്ടാക്കിയതെന്നും എൻഐഎ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഈ കേസ് അന്വേഷിച്ച മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കര്‍ക്കറെ പിന്നീട് മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടു. Read on deshabhimani.com