പരിധിവിട്ട് ബം​ഗാള്‍ ഗവര്‍ണര്‍; രാജ്ഭവനു മുമ്പിൽ സത്യഗ്രഹം ഇരിക്കുമെന്ന്‌ മമത



കൊൽക്കത്ത പശ്ചിമബംഗാള്‍ ഗവർണര്‍ സിവി ആനന്ദബോസിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതികരണമവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സർക്കാർ നയങ്ങൾക്കു വിരുദ്ധമായി ഗവർണർ തുടർന്നും നീങ്ങിയാൽ രാജ്ഭവനു മുമ്പിൽ സത്യഗ്രഹം അനുഷ്ഠിക്കുമെന്ന്‌  മമത മുന്നറിയിപ്പുനല്‍കി. സർവകലാശാലകളില്‍ വൈസ് ചാൻസലർമാരെയും അധ്യാപകരെയും സ്വന്തം ഇഷ്ടപ്രകാരം ഗവർണർ നിയമിക്കുന്നു. അത് തുടർന്നാൽ ശമ്പളം നൽകുന്നതിനടക്കമുള്ള ഫണ്ട് അനുവദിക്കില്ലെന്നും മമത പറഞ്ഞു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവർണർ തടഞ്ഞുവച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള 16 സർവകലാശാലയിലേക്കും സർക്കാരുമായി ആലോചിക്കാതെ ഗവർണർ വൈസ് ചാൻസലർമാരെ നിയമിച്ചു. വിദ്യാഭ്യാസ മേഖലയുമായി നേരിട്ട് ബന്ധമില്ലാത്ത മുൻ ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥനും വൈസ് ചാൻസലർമാരായി. ഗവർണറുടെ നീക്കത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചെന്ന്  വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു പറഞ്ഞു. Read on deshabhimani.com

Related News