വ്യാജ ബോംബ് ഭീഷണി: സന്ദേശങ്ങളയച്ച യുവാവ് മഹാരാഷ്ട്രയിൽ പിടിയിൽ
മുംബൈ > വിമാനങ്ങൾക്ക് നേരെ വ്യാജ ഭീഷണി സന്ദേശങ്ങളയച്ച യുവാവ് പിടിയിൽ. മഹാരാഷ്ട്ര നാഗ്പൂരിൽ നിന്നും ജഗദീഷ് ഉയ്കെ(35) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇമെയിലിലൂടെയും ഫോൺ കോളുകളിലൂടെയും നൂറോളം ഭീഷണി സന്ദേശങ്ങളാണ് ഇയാൾ അയച്ചിട്ടുള്ളത്. വിമാന കമ്പനികൾക്കും, പ്രധാന മന്ത്രിയുടെ ഓഫീസിനും, സർക്കാർ ഉദ്യോഗസ്ഥർക്കുമാണ് ഭീഷണി സന്ദേശം അയച്ചത്. ജഗദീഷ് ഉയ്കെ ഗോണ്ടിയ സ്വദേശിയാണ്. ഡൽഹിയിൽ നിന്നും വരികയായിരുന്ന ഇയാളെ നാഗ്പൂരിൽവെച്ച് പൊലീസ് പിടികൂടുകയായിരുന്നു എന്നാണ് വിവരം. 2021ലും സമാനമായ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജഗദീഷ് തീവ്രവാദത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഭീഷണി സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. സന്ദേശങ്ങൾ അയച്ചത് ശ്രദ്ധ പിടിച്ചുപറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് സംശയിക്കുന്നതായി നാഗ്പൂർ ഡിസിപി ലോഹിത് മതാനി പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നറിയിച്ച് നിരവധി ഇമെയിലുകൾ കഴിഞ്ഞ ജനുവരി മുതൽ ജഗദീഷ് അയച്ചിരുന്നു. ഒക്ടോബർ 25 നും ഒക്ടോബർ 30 നും ഇടയിൽ മാത്രം ഇന്ത്യയിലെ 30 സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്നാണ് സന്ദേശമയച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളുടെ ഇമെയിലുകൾ. ഭീഷണി സന്ദേശങ്ങൾ ലഭിച്ചതോടെ ഇൻഡിഗോ, വിസ്താര, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ ഇന്ത്യൻ എയർലൈനുകളും സർവീസുകളും പ്രതിസന്ധിയിലായിരുന്നു. Read on deshabhimani.com