മാവ് കുഴയ്ക്കുന്നതിനിടെ ഗ്രൈൻഡറിൽ കുടുങ്ങി: യുവാവിന് ദാരുണാന്ത്യം
മുംബൈ > ഭക്ഷണമുണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശിയായ സൂരജ് നാരായൺ യാദവാണ് (19) മരിച്ചത്. വർളിയിലെ ചൈനീസ് ഭക്ഷണങ്ങൾ വിൽക്കുന്ന വഴിയോരക്കടയിൽ ജോലി ചെയ്യുകയായിരുന്നു സൂരജ്. സംഭവത്തിൽ കടയുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മഞ്ചൂരിയനും ചെനീസ് ബേലും ഉണ്ടാക്കാനായി ഗ്രൈൻഡറിൽ മാവ് തയാറാക്കുകയായിരുന്നു സൂരജ്. ഇതിനിടെ സൂരജിന്റെ ഷർട്ട് മെഷീനിൽ കുടുങ്ങി. ഇത് പുറത്തെടുക്കാനായി ഗ്രൈൻഡറിന്റെ ഉള്ളിലേക്ക് കൈകടത്തിയ സൂരജ് മെഷീനിൽ കുടുങ്ങുകയായിരുന്നു. സൂരജിന് ഗ്രൈൻഡറടക്കമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിചയം ഉണ്ടായിരുന്നില്ലെന്നും കടയുടമ പ്രത്യേകിച്ച് സുരക്ഷ സംവിധാനങ്ങളൊന്നുമില്ലാതെ യുവാവിനെ ജോലിയേൽപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. Read on deshabhimani.com