10 ആനകൾ ചെരിഞ്ഞ ബാന്ധവ്ഗഡിൽ അക്രമാസക്തരായി കാട്ടാനകൾ; ഒരാൾ കൊല്ലപ്പെട്ടു



ഭോപ്പാൽ > മൂന്ന് ദിവസത്തിനുള്ളിൽ 10 കാട്ടാനകൾ ചെരിഞ്ഞ മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിനു സമീപം കാട്ടാനകളുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ദേവരാ ഗ്രാമത്തിലാണ് സംഭവം. 65കാരനായ റാംരതൻ യാദവ് എന്നയാളാണ് മരിച്ചത്. ചെരിഞ്ഞ കാട്ടാനകളുടെ കൂട്ടത്തിലെ മറ്റ് ആനകൾ അക്രമാസക്തരാണെന്നും ഇവരാകാം രാംരത്തനെ ആക്രമിച്ചതെന്നുമാണ് ​ഗ്രാമവാസികൾ പറയുന്നത്. എന്നാൽ ഇക്കാര്യം വ്യക്തമായിട്ടില്ല എന്ന് അധികൃതർ പറയുന്നു. ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഈയൊരാഴ്ചയ്ക്കുള്ളിൽ മൂന്ന് ദിവസങ്ങളിലായി 10 ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിങ്ങിനിടെ രണ്ട് കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് അവശനിലയിൽ കണ്ടെത്തിയ എട്ട് ആനകൾ കൂടി പിന്നീട് ചെരിഞ്ഞു. കോഡോ മില്ലറ്റ് കഴിച്ചാണ് ആനകൾ ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‍മോർട്ടം നടപടികൾ നടത്തി വരികയാണ്. കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. സംഭവത്തിൽ വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയും സംസ്ഥാന സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 13 അംഗ കാട്ടാനകൂട്ടത്തിൽ ഇപ്പോൾ മൂന്നെണ്ണം മാത്രമാണ് ശേഷിക്കുന്നത്. ഇവയാണോ രാംരത്തനെ ആക്രമിച്ചതെന്ന് അന്വേഷണത്തിനു ശേഷമെ സ്ഥിരീകരിക്കാനാകൂ. ഈ മൂന്ന് കാട്ടാനകൾ കട്‌നി ജില്ലയിലെ വനമേഖലയിലേക്ക് നീങ്ങുന്നത് കണ്ടതായിയും ഇത് അസാധാരണമാണെന്നും ഇതിന് മുമ്പ് ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്. ആനകളുടെ നീക്കം നിരീക്ഷിച്ചു വരികയാണ്. Read on deshabhimani.com

Related News