മണിപ്പൂർ സംഘർഷം: കണാതായ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തി
ഇംഫാൽ > മണിപ്പൂർ സംഘർഷത്തിന് പിന്നാലെ കാണാതായ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും മരിച്ച നിലയിൽ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള ഒരു കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. കാണാതായതിന് അഞ്ച് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ്. കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രദേശത്ത് നിന്നും 15 കിലോമീറ്റർ അകലെ ജിരി പുഴയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ജിരിബാം ജില്ലയിലെ സംഘർഷത്തിനിടെ കാണാതായ ആറ് പേരിൽ ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മണിപ്പൂർ-അസം അതിർത്തിയിൽ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മറ്റ് മൂന്ന് പേരുടേയും മൃതദേഹം ലഭിച്ചത്. തുടർ നടപടികൾക്കായി മൃതദേഹം സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിരിബാമില്‍ നിന്ന് കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജിരി യുണൈറ്റഡ് കമ്മിറ്റി (ജെയുസി) ജില്ലയിൽ 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വാർത്ത പുറത്ത് വന്നതോടെ ഇംഫാൽ താഴ്‌വരയിൽ വീണ്ടും പ്രക്ഷോഭം ആരംഭിച്ചു. സംഘർഷാവസ്ഥയെതുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച പകൽ മൂന്നോടെ ജിരിബാം ജില്ലയിലെ ബോറോബക്കറ ഡിവിഷനിലെ ജാക്കുറദോറിലെ സിആർപിഎഫ് പോസ്റ്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കും 45 മിനിറ്റ് ആക്രമണമുണ്ടായെന്ന് സിആർപിഎഫ് അറിയിച്ചു. ജിബിരാമിൽ നിന്ന് 13 പേരെയാണ് സംഘർഷത്തിന് ശേഷം കാണാതായത്. ഇതിൽ രണ്ട് പേരെ മരിച്ച നിലയിൽ പിന്നീട് കണ്ടെത്തി. അഞ്ച് പേരെ ജീവനോടെ കണ്ടെത്തിയിരുന്നു. എകെ 47 അടക്കം വൻ ആയുധശേഖരം പിടിച്ചെടുത്തെന്നും സിആർപിഎഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. Read on deshabhimani.com