മണിപ്പൂരിൽ ബോംബ് പൊട്ടിത്തെറിച്ച് മുൻ എംഎൽഎയുടെ ഭാര്യ മരിച്ചു



ഗുവാ​ഹത്തി> മണിപ്പൂരിൽ ബോംബ് പൊട്ടിത്തെറിച്ച് സൈക്കുൾ മുൻ എംഎൽഎ യാംതോങ് ഹോകിപിന്റെ ഭാര്യ  ചാരുബാല ഹോകിപ് (59) കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ യാംതോങിൻറെ വീട്ടിലാണ് സംഭവം. യാംതോങിന്റെ വീട്ടിലെ പാഴ്വസ്തുക്കൾക്കിടയിലായിരുന്നു സ്ഫോടകവസ്തുക്കൾ വെച്ചിരുന്നത്. ചാരുബാല ഈ പാഴ്വസ്തുക്കൾ കത്തിക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസമയത്ത് യാംതോങ് വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല. തെങ്നൗപാൽ ജില്ലയിൽ അക്രമകാരികളും ​തദ്ദേശീയരും തമ്മിൽ വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ ഒരേ വിഭാഗത്തിലെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. മോൽനോം പ്രദേശത്തുണ്ടായ അക്രമത്തിൽ യുണൈറ്റഡ് കുകി ലിബറേഷൻ ഫ്രണ്ടിന്റെ (യുകെഎൽഎഫ്) ഒരാളും ​മൂന്ന് ​ഗ്രാമവാസികളുമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കൊലപാതകത്തിൽ പ്രതികരിച്ച് ​തദ്ദേശീയർ യുകെഎൽഎഫിന്റെ സ്വയം പ്രഖ്യാപിത ചെയർമാനായ എസ് എസ് ഹോകിപിന്റെ വീടിന് തീയിട്ടു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. ഹോകിപ് സൈകുൾ മണ്ഡലത്തിൽ നിന്നും കോൺ​ഗ്രസ് ടിക്കറ്റിൽ രണ്ടുതവണ മത്സരിച്ച് ജയിച്ചയാളാണ്. 2022 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ ഇയാൾ ബിജെപി യിലേക്ക് മാറി. കുക്കി, മെയ്തി വിഭാ​ഗങ്ങൾ തമ്മിൽ കഴിഞ്ഞ വർഷം മെയ് മുതൽ മണിപ്പൂരിൽ നടക്കുന്ന കലാപത്തിൽ 200 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് വീടുകൾ നഷ്ടമായി.   Read on deshabhimani.com

Related News