രാജ്യം ഡോക്ടർമാരുടെ ക്ഷാമം നേരിടുമ്പോൾ മെഡിക്കൽ സീറ്റുകൾ പാഴാകരുത്; സുപ്രീംകോടതി
ന്യൂഡൽഹി > രാജ്യം ഡോക്ടർമാരുടെ ക്ഷാമം നേരിടുമ്പോൾ മെഡിക്കൽ സീറ്റുകൾ പാഴാകരുതെന്നും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് പുതിയ കൗൺസലിങ് നടത്തണമെന്നും അധികാരികളോട് സുപ്രീംകോടതി. പ്രത്യേക കൗൺസലിങ് നടത്തി ഡിസംബർ 30നകം മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അഡ്മിഷൻ അധികാരികളോട് ആവശ്യപ്പെട്ടു. അഞ്ച് റൗണ്ട് കൗൺസലിങ്ങിന് ശേഷവും ഒഴിവുള്ള ബാക്കി സീറ്റുകളിലേക്ക് സ്‌പെഷ്യൽ കൗൺസലിങ് റൗണ്ട് നടത്താൻ അധികാരികളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കായി പുതിയ സ്‌പെഷ്യൽ കൗൺസലിങ് നടത്താനും 2024 ഡിസംബർ 30-ന് മുമ്പ് പ്രവേശന നടപടികൾ പൂർത്തിയാക്കാനും പുതിയ ഉത്തരവിലൂടെ അധികാരികൾക്ക് നിർദ്ദേശം നൽകി. വിദ്യാർഥികളെ നേരിട്ട് പ്രവേശിപ്പിക്കാൻ ഒരു കോളേജിനും അനുമതി നൽകില്ലെന്നും സംസ്ഥാന അഡ്മിഷൻ അതോറിറ്റി മുഖേന മാത്രമേ പ്രവേശനം നടത്താവൂ എന്നും ബെഞ്ച് നിർദ്ദേശിച്ചു. Read on deshabhimani.com