ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ വ്യത്യാസമില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി
ലഡാക്ക് > ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ന്യൂനപക്ഷ സമുദായങ്ങളെ താരതമ്യപ്പെടുത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പരാമർശം വിവാദത്തിൽ. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ വ്യത്യാസമില്ലെന്നായിരുന്നു മെഹബൂബയുടെ പരാമർശം. മുസ്ലീം പള്ളി സർവേയെ ചൊല്ലിയുള്ള തർക്കവും ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും തമ്മിൽ വ്യത്യാസമില്ലെന്നായിരുന്നു മെഹബൂബ പറഞ്ഞത്. 'ബംഗ്ലാദേശിൽ, ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നു . ഇന്ത്യയിലും ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ, ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ എന്താണ് വ്യത്യാസം? ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല' എന്നാണ് മെഹബൂബ് മുഫ്തി പറഞ്ഞത്. "1947-ലെ സാഹചര്യത്തിലേക്ക് ഇത് നമ്മളെ കൊണ്ടുപോകുന്നു എന്ന് ഞാൻ ഭയപ്പെടുന്നു, യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല, ഞങ്ങൾക്ക് നല്ല ആശുപത്രികളും വിദ്യാഭ്യാസവും ഇല്ല... റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നില്ല, എന്നാൽ ക്ഷേത്രത്തിനുവേണ്ടി മസ്ജിദ് പൊളിക്കാൻ ഇവിടെ ആളുകൾ ശ്രമിക്കുന്നു. ഇത് വളരെ ദൗർഭാഗ്യകരമാണ്" മെഹബൂബ പറഞ്ഞു. ഹിന്ദു മത നേതാവ് ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് മെഹബൂബ മുഫ്തിയുടെ പ്രസ്താവന. മെഹബൂബയുടെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ കടുത്ത വിമർശനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. പരാമർശത്തിൽ മെഹബൂബയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ജമ്മുകശ്‌മീർ സർക്കാരിനോട് ആവശ്യപ്പെട്ടു. Read on deshabhimani.com