യമുന നീന്തിക്കടന്ന് തൊഴിലാളികള്‍ ; അപകടകരമായ കുറുക്കുവഴി അതിർത്തിയിലെ തിരക്കും പരിശോധനയും ഒഴിവാക്കാൻ



ന്യൂഡൽഹി കാതങ്ങള്‍താണ്ടി യുപിയിലേക്കും ബിഹാറിലേക്കുമുള്ള യാത്രയില്‍ സ്‌ത്രീകളും ചെറിയ കുട്ടികളുമടക്കം അതിഥിത്തൊഴിലാളികൾ സാഹസമായി യമുനാനദി നീന്തിക്കടക്കുന്നു. ഹരിയാന–- യുപി അതിർത്തിയിലെ തിരക്കും പരിശോധനയും ഒഴിവാക്കാനാണ് അപകടകരമായ ഈ കുറുക്കുവഴി. ഉപയോഗിച്ചുപേക്ഷിച്ച ടയർ ട്യൂബുകളുടെ സഹായത്താലാണ് രാത്രികളില്‍ യമുന നീന്തിക്കടക്കുന്നത്. ജമ്മു -കശ്‌മീര്‍, പഞ്ചാബ്‌, ഹിമാചൽ, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് സാഹസത്തിനു മുതിരുന്നത്. ഇരുനൂറും മുന്നൂറും രൂപയ്‌ക്ക്‌ തൊഴിലാളികൾക്ക്‌ ട്യൂബുകൾ കൈമാറുന്ന സംഘം യമുന അതിർത്തിമേഖലകളിൽ സജീവമായി‌. ഹരിയാനയുമായി അതിർത്തി പങ്കിടുന്ന യുപിയിലെ സഹരൻപുർ, ഷാംലി, ബാഗ്‌പത്ത്‌ ജില്ലകളിലേക്കാണ്‌ തൊഴിലാളികൾ നദി കടന്നെത്തുന്നത്‌‌. ഈ മേഖലയിൽ ഏതാണ്ട്‌ 70 കിലോമീറ്റർ ദൂരം യമുനാനദിയാണ്‌ യുപിയുടെയും ഹരിയാനയുടെയും അതിർത്തി. പഞ്ചാബിലെ അംബാലയിൽനിന്ന്‌ സഹരൻപ്പുർവഴി ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്കുള്ള ദേശീയപാതവഴിയാണ്‌ തൊഴിലാളികൾ നടന്നെത്തുന്നത്‌. ഹരിയാനയിലെ യമുനാനഗറിനെയും സഹരൻപ്പുരിനെയും ബന്ധിപ്പിച്ചുള്ള പാലം കടന്നുവേണം ഇവർക്ക്‌ യുപിയിലേക്ക്‌ പ്രവേശിക്കാൻ. അതിർത്തിയിലെ പരിശോധനയും മറ്റും പൂർത്തീകരിക്കാൻ മണിക്കൂറുകൾ കാത്തുനില്‍ക്കണം. പാസ്‌ ഇല്ലാത്തവർക്ക്‌ മടങ്ങേണ്ടിവരും‌. ഇതൊഴിവാക്കാനാണ്‌ നീന്തല്‍. ട്യൂബുകളുമായി കുട്ടികളടക്കം നദി കടക്കുന്നുവെന്ന റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും ചിത്രങ്ങളടക്കം വാർത്ത വന്നതോടെ നിലപാട്‌ മാറ്റേണ്ടിവന്നു. നദി കടക്കാൻ തൊഴിലാളികളെ സഹായിച്ച  മൂന്നുപേരെ അറസ്റ്റ്‌ ചെയ്‌തു. Read on deshabhimani.com

Related News