അലിഗഢ് മുസ്ലിം സർവകലാശാലയുടെ 
ന്യൂനപക്ഷ പദവി തുടരും

photo credit: facebook


ന്യൂഡൽഹി അലിഗഢ്‌ മുസ്ലിംസർവകലാശാലയ്‌ക്ക്‌ ന്യൂനപക്ഷ പദവി അവകാശപ്പെടാൻ കഴിയില്ലെന്ന 1967ലെ വിധി റദ്ദാക്കി സുപ്രീംകോടതി. നിയമനിർമാണത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന വിദ്യാഭ്യാസ സ്ഥാപനമായതുകൊണ്ട്‌ അലിഗഢ്‌ സർവകലാശാലയ്‌ക്ക്‌ ന്യൂനപക്ഷ പദവിക്ക്‌ അർഹതയില്ലെന്ന എസ്‌ അസീസ്‌ ബാഷാ കേസിലെ അഞ്ചംഗ ഭരണടഘടനാബെഞ്ചിന്റെ വിധിയാണ്‌ ഏഴംഗഭരണഘടനാബെഞ്ച്‌ 4:3 ഭൂരിപക്ഷത്തിൽ റദ്ദാക്കിയത്‌. എന്നാൽ, അലിഗഢ്‌ സർവകലാശാലയ്‌ക്ക്‌ ന്യൂനപക്ഷ പദവിക്ക്‌ അർഹതയുണ്ടോയെന്ന നിയമപ്രശ്‌നത്തിൽ ഭരണഘടനാബെഞ്ച്‌ തീർപ്പ്‌ കൽപ്പിച്ചില്ല. ഇതിൽ സുപ്രീംകോടതിയുടെ സ്ഥിരംബെഞ്ച്‌ വാദംകേട്ട്‌ വിധി പുറപ്പെടുവിക്കും. ഒരു വിദ്യാഭ്യാസ സ്ഥാപനം ന്യൂനപക്ഷമാണോ സ്ഥാപിച്ചതെന്ന കാര്യത്തിൽ തീർപ്പ്‌ കൽപ്പിക്കാൻ എന്തെല്ലാം മാനദണ്ഡങ്ങളാണ്‌ അടിസ്ഥാനമാക്കേണ്ടതെന്ന്‌ ഭരണഘടനാബെഞ്ച്‌ ഭൂരിപക്ഷ വിധിയിൽ വിശദീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാമെന്ന ആശയവും അത്‌ യാഥാർഥ്യമാക്കാനുള്ള പരിശ്രമങ്ങളും ന്യൂനപക്ഷ വിഭാഗക്കാരുടെ ഭാഗത്ത്‌ നിന്നാണോ ഉണ്ടായിട്ടുള്ളത്‌?, വിദ്യാഭ്യാസസ്ഥാപനം പ്രധാനമായും ന്യൂനപക്ഷവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടുള്ളതാണോ?, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭരണസംവിധാനം അതിന്റെ ന്യൂനപക്ഷ സ്വഭാവവും താൽപര്യങ്ങളും പ്രതിഫലിപ്പിക്കുന്നതാണോ ? –- തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്‌ ന്യൂനപക്ഷപദവി തീരുമാനിക്കേണ്ടതെന്ന്‌ ഭരണഘടനാബെഞ്ച്‌ വിധിയിൽ നിർദേശിച്ചു. ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്‌ പുറമേ ജസ്‌റ്റിസുമാരായ സഞ്‌ജീവ്‌ഖന്ന, ജെ ബി പർധിവാല, മനോജ്‌ മിശ്ര എന്നിവരാണ്‌ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്‌. ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ ഭൂരിപക്ഷ വിധിയോട്‌ ഭാഗികമായി വിയോജിച്ച്‌ ഭിന്നവിധി എഴുതി. ജസ്‌റ്റിസ്‌ ദീപാങ്കർ ദത്തയും ജസ്‌റ്റിസ്‌ സതീഷ്‌ചന്ദ്രശർമയും പൂർണമായും വിയോജിച്ചു. അലിഗഢ്‌ സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന 2006ലെ അലഹബാദ്‌ ഹൈക്കോടതിയുടെ വിധിക്ക്‌ എതിരായ അപ്പീൽ പരിഗണിച്ച മുൻ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗൊയ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ 2019ൽ വിഷയം ഭരണഘടനാബെഞ്ചിന്‌ വിട്ടത്‌. എട്ടുദിവസത്തെ വിശദമായ വാദംകേൾക്കലിനുശേഷം ഫെബ്രുവരി ഒന്നിന്‌ ഭരണഘടനാബെഞ്ച്‌ കേസ്‌ വിധി പറയാൻ മാറ്റുകയായിരുന്നു. Read on deshabhimani.com

Related News