ശ്രീലങ്കൻ സേന തടവിലാക്കിയ മത്സ്യത്തൊഴിലാളികളെ വിട്ടയക്കണം; വിദേശകാര്യ മന്ത്രിക്ക് എം കെ സ്റ്റാലിന്റെ കത്ത്
ചെന്നൈ > സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അടിയന്തരമായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. തലൈമന്നാറിനും ധനുഷ്‌കോടിക്കും ഇടയിലുള്ള കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് 17 മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന രണ്ട് ബോട്ടുകൾ പിടിച്ചെടുത്തത്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന വെല്ലുവിളികൾ സ്റ്റാലിൻ കത്തിൽ പറഞ്ഞു. ഡിസംബർ 20 ന് അജ്ഞാതരായ ആറ് ശ്രീലങ്കൻ പൗരന്മാർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഒരു സമീപകാല സംഭവവും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. മത്സ്യബന്ധന ബോട്ടുകളിലെ ജിപിഎസ് ഉപകരണങ്ങൾ, വിഎച്ച്എഫ് സംവിധാനങ്ങൾ, വലകൾ, മൊബൈൽ ഫോണുകൾ എന്നിവയും അക്രമികൾ കവർന്നു. "ഈ ക്രൂരമായ സംഭവം മത്സ്യത്തൊഴിലാളികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അവരുടെ ജീവിതം കൂടുതൽ അനിശ്ചിതത്വവും അപകടകരവുമാണ്, ”സ്റ്റാലിൻ പറഞ്ഞു. 2024ൽ മാത്രം 50 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായും 71 ബോട്ടുകൾ കണ്ടുകെട്ടിയതായും അദ്ദേഹം വെളിപ്പെടുത്തി. മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും മോചിപ്പിക്കാൻ നയതന്ത്രതലത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്റ്റാലിൻ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. കൂടുതൽ ആക്രമണങ്ങൾ തടയാനും തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read on deshabhimani.com