മോദിക്ക്‌ സമാധാന നൊബേലിന്‌ സാധ്യത എന്നത്‌ മാധ്യമങ്ങളുടെ വ്യാജ സൃഷ്‌ടി



ന്യൂഡൽഹി > സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന്‌ ഇക്കുറി ഏറ്റവും സാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കാണെന്നത്‌ മോദി അനുകൂല മാധ്യമങ്ങളുടെ വ്യാജസൃഷ്ടി. ഇന്ത്യ സന്ദർശിക്കുന്ന നൊബേൽ സമ്മാന കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡർ അസ്‌ലെ ടോജെയെ ഉദ്ധരിച്ചാണ്‌ മോദി അനുകൂല മാധ്യമങ്ങൾ വ്യാജവാർത്ത പടച്ചുവിട്ടത്‌. എന്നാൽ താൻ അത്തരമൊരു പരാമർശനം നടത്തിയിട്ടേയില്ലെന്നും വ്യാജവാർത്തയാണെന്നും ടോജെ തന്നെ വ്യക്തമാക്കി. മാധ്യമങ്ങൾ ചോദിച്ചപ്പോൾ മോദിയെ കുറിച്ച്‌ ചില നല്ലവാക്കുകൾ പറഞ്ഞതല്ലാതെ നൊബേൽ സമ്മാനത്തിന്‌ പരിഗണിക്കുന്നതായി താൻ പറഞ്ഞിട്ടേയില്ലെന്ന്‌ ടോജെ വ്യക്തമാക്കി. ടൈംസ്‌നൗ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ, വാർത്താ ഏജൻസിയായ എഎൻഐ, മലയാള മാധ്യമങ്ങളായ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്‌ തുടങ്ങിയവയെല്ലാം സമാധാന നൊബേലിന്‌ ഏറ്റവും സാധ്യത മോദിയ്‌ക്കെന്ന്‌ ടോജെ പറഞ്ഞതായ വാർത്ത നൽകി. ടോജെയുമായി ടൈംസ്‌നൗ നടത്തിയ അഭിമുഖത്തിന്‌ പിന്നാലെയാണ്‌ വാർത്താഏജൻസി അടക്കം വ്യാജവാർത്ത നൽകിയത്‌. ‘ഞങ്ങളുടെ നേതാവ്‌ മോദിജി ലോകത്താകെ സമാധാനം ഉറപ്പാക്കുന്നതിനെ താങ്കൾ എങ്ങനെയാണ്‌ കാണുന്നത്‌’ എന്ന്‌ ടൈംസ്‌നൗ ലേഖകൻ ടോജെയോട്‌ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്‌. ‘ലോകത്ത്‌ എല്ലായിടത്തും സമാധാനം ഉറപ്പാക്കിയോ എന്നത്‌ തനിക്കറിയില്ല. എന്നാൽ ഉക്രയ്‌ൻ വിഷയത്തിൽ മോദി സജീവമായി ഇടപെട്ടത്‌ ശ്രദ്ധയിൽ വന്നിട്ടുണ്ട്‌. അതിൽ തനിക്ക്‌ സന്തോഷമുണ്ട്‌. എല്ലാ രാജ്യവും ഇത്തരമൊരു സന്ദേശം നൽകണം. ഇന്ത്യ പോലെ ശക്തമായ ഒരു രാജ്യത്ത്‌ നിന്ന്‌ ഇത്തരമൊരു സന്ദേശം പ്രധാനമാണ്‌’–- ടോജെ മറുപടിയായി പറഞ്ഞു. ഇതിന്‌ പിന്നാലെയാണ്‌ സമാധാന നൊബേലിന്‌ ഏറ്റവും സാധ്യത മോദിക്കെന്ന്‌ ടൈംസ്‌ നൗവും മറ്റ്‌ മാധ്യമങ്ങളും വാർത്ത നൽകിയത്‌. ടൈംസ്‌ നൗ എഡിറ്റർ രാഹുൽ ശിവശങ്കർ ഇത്‌ ശരിവെച്ച്‌ ട്വീറ്റ്‌ ചെയ്യുക കൂടി ചെയ്‌തതോടെ സമൂഹമാധ്യമങ്ങളിലേക്കും വ്യാജവാർത്ത പരന്നു. സമാധാന നോബേലിന്‌ മോദിയെ പരിഗണിക്കുന്നുവെന്ന്‌ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായും മോദി അനുകൂല മാധ്യമങ്ങൾ വ്യാജവാർത്ത സൃഷ്ടിച്ചിരുന്നു. Read on deshabhimani.com

Related News