കുറിതൊട്ടുവരാൻ പാടില്ലെന്ന്‌ 
പറയുമോ ? മുംബൈ കോളേജിലെ ഹിജാബ്‌ വിലക്ക്‌ തടഞ്ഞു



ന്യൂഡൽഹി മുംബൈയിലെ സ്വകാര്യകോളേജിൽ ഹിജാബിനും തൊപ്പിക്കും ബാഡ്‌ജിനും മറ്റും ഏർപ്പെടുത്തിയ വിലക്ക്‌ തടഞ്ഞ്‌ സുപ്രീംകോടതി. വിലക്ക്‌ ശരിവച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ എൻ ജി ആചാര്യ ആൻഡ്‌ ഡി കെ മറാഠെ കോളേജിലെ മുസ്ലിംവിദ്യാർഥികൾ നൽകിയ ഹർജി പരിഗണിച്ചാണ്‌ ജസ്റ്റിസ്‌ സഞ്‌ജീവ്‌ഖന്ന അധ്യക്ഷനായ ബെഞ്ച്‌ നടപടി സ്റ്റേ  ചെയ്‌തത്‌. വിദ്യാർഥികളുടെ മതം അറിയാതിരിക്കാനാണ്‌ ഹിജാബിനും മറ്റും വിലക്കേർപ്പെടുത്തിയതെന്ന കോളേജ്‌ അധികൃതരുടെ വാദത്തെ സുപ്രീംകോടതി വിമർശിച്ചു. ‘എന്ത്‌ ഉത്തരവാണിത്‌?  കുട്ടികൾ കുറി തൊട്ടുവരാൻ പാടില്ലെന്ന്‌ നിങ്ങൾ പറയുമോ? പേരുകളിൽ നിന്ന്‌ തന്നെ മതം വ്യക്തമാകില്ലേ? അതോ പേരുകൾ ഒഴിവാക്കി കുട്ടികൾക്ക്‌ നിങ്ങൾ നമ്പറുകൾ നൽകുമോ? കുട്ടികൾ ഒരുമിച്ച്‌ പഠിക്കട്ടെ’–- ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന നിരീക്ഷിച്ചു. 2008 മുതൽ പ്രവർത്തിക്കുന്ന കോളേജിൽ ഈ അടുത്തകാലത്ത്‌ മാത്രം ഇത്തരം ഉത്തരവിറക്കാൻ കാരണമെന്താണെന്ന്‌ ബെഞ്ചിൽ അംഗമായ ജസ്റ്റിസ്‌ സഞ്‌ജയ്‌കുമാർ ആരാഞ്ഞു. പെൺകുട്ടികൾ എന്ത്‌ ധരിക്കണമെന്ന്‌ അവരാണ്‌ തീരുമാനിക്കേണ്ടത്‌. അത്‌ ധരിക്കണം, ഇത്‌ ധരിക്കരുതെന്ന്‌ തിട്ടൂരമിറക്കിയിട്ട്‌ ലിംഗനീതിയെക്കുറിച്ച്‌ പ്രസംഗിക്കുന്നതിൽ എന്തർഥമാണുള്ളതെന്നും ജഡ്‌ജി ചോദിച്ചു. അതേസമയം, മുഖം മറയ്‌ക്കുന്ന നക്കാബുകൾ വിലക്കിയത്‌ സ്റ്റേ ചെയ്യുന്നില്ലെന്ന്‌ കോടതി പറഞ്ഞു. Read on deshabhimani.com

Related News