ബീഫ് കഴിച്ചെന്ന പേരില്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം നിസാരവത്ക്കരിച്ച് ഹരിയാന മുഖ്യമന്ത്രി



ന്യൂഡൽഹി ഹരിയാനയിൽ ബീഫ്‌ കഴിച്ചെന്നാരോപിച്ച്‌ ബംഗാൾ സ്വദേശിയെ ഗോരക്ഷാഗുണ്ടകളായ സംഘപരിവാറുകാർ അടിച്ചുകൊന്നതിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി നയബ്‌ സിങ്‌ സൈനി. പശുസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും സാധ്യമല്ല. പശുസംരക്ഷണത്തിനായി ഗ്രാമങ്ങളിൽ നിന്ന്‌ ആളുകൾ മുന്നോട്ടുവന്നാൽ ആർക്കാണ്‌ അവരെ തടയാനാവുകയെന്നും  സൈനി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാണ്‌. പശുക്കളെ കൊല്ലുന്നത്‌ പോലുള്ള പ്രവൃത്തികളിൽ ഏർപ്പെടരുതെന്നാണ്‌ അഭ്യർഥിക്കാനുള്ളത്‌. പശുസംരക്ഷണത്തിനായി ശക്തമായൊരു നിയമം കൊണ്ടുവന്നിട്ടുണ്ട്‌. അതിൽ വെള്ളം ചേർക്കാനാവില്ല. അതുകൊണ്ട്‌ ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കാനാണ്‌ ശ്രദ്ധിക്കേണ്ടതെന്നും മാധ്യമങ്ങളോട്‌ പ്രതികരിക്കവെ- ആൾക്കൂട്ടഹത്യയെ ന്യായീകരിച്ച്‌ സൈനി പറഞ്ഞു. ആൾക്കൂട്ടക്കൊലപാതകത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി സുരേന്ദ്ര സിങ്‌ അപലപിച്ചു. ബിജെപിയുടെയും സംഘപരിവാറിന്റെയും വർഗീയ രാഷ്ട്രീയമാണ്‌ ഇത്തരം സംഭവങ്ങൾക്ക്‌ വഴിയൊരുക്കുന്നത്‌. കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണത്തിൽ വിദ്വേഷരാഷ്ട്രീയം വർധിച്ചു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. കൊല്ലപ്പെട്ട കുടിയേറ്റ തൊഴിലാളിയുടെ കുടുംബത്തിന്‌ അർഹമായ നഷ്ടപരിഹാരം നൽകണം–- സുരേന്ദ്ര സിങ്‌ ആവശ്യപ്പെട്ടു. ജനങ്ങൾക്ക്‌ സുരക്ഷയൊരുക്കുന്നതിൽ ബിജെപി സർക്കാർ പൂർണ പരാജയമാണെന്ന്‌ ജെജെപിയുടെ ജനറൽ സെക്രട്ടറി ദിഗ്‌വിജയ്‌ സിങ്‌ ചൗത്താല പറഞ്ഞു. ഹരിയാനയിൽ സർക്കാരിന്റെ പിന്തുണയോടെ ഒരു വിഭാഗം നിയമം കൈയിലെടുക്കുകയാണെന്ന്‌ കോൺഗ്രസ്‌ കുറ്റപ്പെടുത്തി. Read on deshabhimani.com

Related News