മദ്രസ ബോർഡുകൾ അടച്ച് പൂട്ടണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ



ന്യൂഡൽഹി മദ്രസകൾക്കും  മദ്രസാബോർഡുകൾക്കുമുള്ള സർക്കാർ ധനസഹായം അവസാനിപ്പിക്കണമെന്നും മദ്രസാബോർഡുകൾ അടച്ചുപൂട്ടണമെന്നും ദേശീയ ബാലാവകാശ കമീഷന്‍. സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കമീഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കാനൂംഗോ അയച്ച കത്തിലാണ് ആവശ്യം. മദ്രസകളിലെ വിദ്യാഭ്യാസരീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നതാണെന്നാണ്‌ ആക്ഷേപം.  ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസയും’ എന്ന തലക്കെട്ടിൽ 11 അധ്യായമുള്ള റിപ്പോർട്ടാണ്‌ കമീഷൻ തയ്യാറാക്കിയത്‌. അതിന്റെ പശ്ചാത്തലത്തിൽ അയച്ച കത്തിലാണ്‌ മദ്രസകൾക്കുള്ള ധനസഹായം നിർത്താനും മദ്രസാബോർഡുകൾ അടച്ചുപൂട്ടാനും സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടത്‌. ‘മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന 2009ലെ നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ല. പാഠ്യപദ്ധതി, യൂണിഫോം, അടിസ്ഥാന സൗകര്യങ്ങൾ, പഠനാന്തരീക്ഷം, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയവയില്ല. മതപഠനം മാത്രമാണ്‌. കുട്ടികളെ സർക്കാർ സ്‌കൂളിൽ ചേർത്ത്‌ നിയമപരമായ വിദ്യാഭ്യാസം നൽകണം. മദ്രസകളിൽ സുതാര്യതയില്ല. കുട്ടികൾക്ക്‌ നേരെയുള്ള അതിക്രമങ്ങളടക്കം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. മുസ്ലിം ഇതര വിഭാഗത്തിൽനിന്നുള്ള കുട്ടികളെ മദ്രസകളിൽനിന്ന്‌ സർക്കാർ സ്‌കൂളിലേക്ക്‌ മാറ്റണം. 1.2 കോടി മുസ്ലിം കുട്ടികൾക്ക്‌ ഔദ്യോഗിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്‌’–- കമീഷൻ റിപ്പോർട്ടിൽ പറയുന്നു. 2004ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം 2024 ഏപ്രിലിൽ അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിവിധി പിന്നീട്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. അന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലും ബാലാവകാശ കമീഷൻ മദ്രസകൾക്കെതിരെ നിലപാടെടുത്തിരുന്നു. വിഷയത്തിലെ അന്തിമതീരുമാനം സുപ്രീംകോടതി ഉത്തരവ്‌ അനുസരിച്ചാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മദ്രസകളിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹാരം നിർദേശിക്കുന്നതിന്‌ പകരം മദ്രസകൾ അടച്ചുപൂട്ടാനാണ്‌ കമീഷന്റെ നിർദേശമെന്ന വിമർശം ശക്തമായി. നിർദേശത്തിൽ പ്രതിപക്ഷവും എൻഡിഎ സഖ്യകക്ഷിയും പ്രതിഷേധിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശം എടുത്തുകളയാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ കുറ്റപ്പെടുത്തി. സുപ്രീംകോടതി പരിഗണിക്കുന്ന വിഷയത്തിലുള്ള കമീഷന്റെ നടപടി നടുക്കുന്നതാണെന്ന്‌  കോൺഗ്രസ്‌ പ്രതികരിച്ചു. ഒറ്റയടിക്ക്‌ അടച്ചുപൂട്ടാനാവില്ലെന്നും നിയമം തെറ്റിക്കുന്നവ മാത്രം അടച്ചുപൂട്ടണമെന്നും എൻഡിഎ ഘടകകക്ഷിയായ എൽജെപി രാംവിലാസ്‌ വിഭാഗം പറഞ്ഞു. Read on deshabhimani.com

Related News