എതിർനീക്കങ്ങൾ തടഞ്ഞ് സുപ്രീംകോടതി ; ആർഎസ്‌എസിനും ബിജെപിക്കും കനത്തതിരിച്ചടി
സോഷ്യലിസവും മതനിരപേക്ഷതയും ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ഒഴിവാക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളിയത് ആർഎസ്‌എസിനും ബിജെപിക്കും കനത്തതിരിച്ചടി. ബിജെപി നേതാക്കളായ സുബ്രഹ്മണ്യൻസ്വാമി, അശ്വിനികുമാർ ഉപാധ്യായ തുടങ്ങിയവരുടെ ഹർജികൾ ചീഫ് ജസ്റ്റിസ് സഞ്‌ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. ‘ഇന്ത്യ മതനിരപേക്ഷമായി തുടരുന്നതിൽ നിങ്ങൾക്ക് കുഴപ്പുമുണ്ടോ?’, ‘എല്ലാവർക്കും തുല്യഅവസരങ്ങൾ കിട്ടുന്നതിൽ എതിർപ്പുണ്ടോ?’–- തുടങ്ങി നിർണായക ചോദ്യങ്ങൾ വാദംകേൾക്കലിനിടെ സുപ്രീംകോടതി ബിജെപി നേതാക്കളോട് ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാത്ത ബിജെപി നേതാക്കൾ സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്’, ‘സെക്യുലർ’ പ്രയോഗങ്ങൾ ഉൾപ്പെടുത്തിയ 42ാം ഭേദഗതി നിയമവിരുദ്ധമാണെന്ന് സ്ഥാപിക്കാൻ കഠിനമായി പരിശ്രമിച്ചു. എന്നാൽ, മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ അവിഭാജ്യഘടകമാണെന്നും സോഷ്യലിസമെന്നാൽ ഇന്ത്യൻസാഹചര്യങ്ങളിൽ തുല്യഅവസരങ്ങൾ ഉറപ്പുനൽകുന്ന ക്ഷേമരാഷ്ട്രമെന്നാണ് അർഥമെന്നും ചീഫ് ജസ്റ്റിസ് സഞ്‌ജീവ് ഖന്ന ചൂണ്ടിക്കാട്ടി. തീവ്രഹിന്ദുത്വ അജൻഡയും നവലിബറൽ നയങ്ങളും ഒന്നിച്ച് നടപ്പാക്കാൻ യത്നിക്കുന്ന എൻഡിഎ സർക്കാരിനും സുപ്രീംകോടതി വിധിയും നിരീക്ഷണങ്ങളും കനത്തതിരിച്ചടിയാണ്. സോഷ്യലിസത്തെയും മതനിരപേക്ഷതയെയും തക്കംപാർത്തിരുന്ന് കടന്നാക്രമിക്കുന്നത് ബിജെപി നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും പതിവാണ്. 2023 സെപ്തംബറിൽ കേന്ദ്രസർക്കാർ എംപിമാർക്ക് വിതരണം ചെയ്‌ത ഭരണഘടനയുടെ ആമുഖത്തിന്റെ പകർപ്പുകളിൽ നിന്നും ‘സോഷ്യലിസ്റ്റ് ' , ‘സെക്യുലർ' പ്രയോഗങ്ങൾ ഒഴിവാക്കിയത് വിവാദമായിരുന്നു. 2015ൽ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം പുറത്തുവിട്ട ഭരണഘടനയുടെ ആമുഖത്തിലും ‘സോഷ്യലിസ്റ്റ് ', 'സെക്യുലർ ' പ്രയോഗങ്ങൾ ഒഴിവാക്കിയിരുന്നു. ഭരണഘടനയുടെ യഥാർഥ ആമുഖത്തിൽ ഈ പ്രയോഗങ്ങൾ ഇല്ലെന്നായിരുന്നു രണ്ട് അവസരങ്ങളിലും കേന്ദ്ര സർക്കാരിന്റെ പ്രതികരണം. 2020ൽ ബിജെപി എംപി രാകേഷ് സിൻഹ ഭരണഘടന ആമുഖത്തിൽ നിന്നും‘സോഷ്യലിസ്റ്റ്' പ്രയോഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രമേയം കൊണ്ടുവന്നിരുന്നു. ‘സോഷ്യലിസ്റ്റ്' പ്രയോഗം ഉൾപ്പെടുത്തിയത് സോവിയറ്റ് യൂണിയന്റെ സമ്മർദത്തെ തുടർന്നാണെന്നും ബിജെപി എംപി ആരോപിച്ചിരുന്നു. ഭരണഘടനയുടെ ആമുഖത്തിൽ നിന്നും ‘സോഷ്യലിസ്റ്റ്' ഒഴിവാക്കണമെന്ന ഹർജി 2008ലും സുപ്രീം കോടതി തള്ളിയിരുന്നു. ‘‘ സോഷ്യലിസത്തെ വിശാലമായ അർഥത്തിൽ വീക്ഷിക്കണം. എല്ലാ പൗരൻമാർക്കുമുള്ള ക്ഷേമം ഉറപ്പാക്കാനുള്ള സംവിധാനമെന്ന നിലയിൽ അതിനെ വീക്ഷിച്ചു കൂടേ?’’–- -ഹർജി തള്ളി അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്‌ണൻ ഹർജിക്കാരായ സർക്കാരേതര സംഘടനയോട് ആരാഞ്ഞു. Read on deshabhimani.com