ശരവണന്റെ കുടുംബവും കാത്തിരിക്കയാണ്; മണ്ണിൽ പുതഞ്ഞ് ലോറി മാത്രം
അങ്കോല> കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായവർക്കായുള്ള തിരിച്ചിൽ തുടരുമ്പോൾ തമിഴ് നാട് സ്വദേശിയായ ഡ്രൈവർ ശരവണന്റെ കുടുംബവും കാത്തിരിക്കയാണ്. ദുരന്തത്തിൽ കാണാതായ മറ്റൊരു ലോറി ഡ്രൈവറായ ശരവണ(39)നും ഇതേ സ്ഥലത്ത് വെച്ചാണ് അപ്രത്യക്ഷനായത്. അർജുനെ കണ്ടെത്താൻ നാട്ടിൽനിന്നുള്ളവരും ജനപ്രതിനിധികളും അടക്കം നിരവധിപേർ ദുരന്തഭൂമിയിലുണ്ട്. ശരവണനായി ഇവിടെയുള്ളത് അദ്ദേഹത്തിന്റെ അമ്മാവനായ സെന്തിൽകുമാർ മാത്രമാണ്. പതിനൊന്ന് പേരെ ദുരന്തത്തിൽ കാണാതായതാണ് നിലവിൽ വിവരമുള്ളത്. ഇതിൽ എട്ട് മൃതദേഹങ്ങൾ ലഭിച്ചു. ഒരു മനുഷ്യ ശരീരത്തിന്റെ ഭാഗവും ലഭിച്ചു. അർജുൻ ഉൾപ്പെടെ മറ്റുള്ളവരെ കണ്ടെത്താനുണ്ട്. ദുരന്തമുണ്ടായ സ്ഥലത്ത് അന്ന് രാവിലെ 7.30-ഓടെയാണ് ലോറിയുമായി ശരവണൻ എത്തിയത്. ദാർവാഡിൽ ചരക്ക് ഇറക്കി മടങ്ങിവരികയായിരുന്നു. മംഗലാപുരത്തെത്തി വീണ്ടും ലോഡ് എടുക്കാനായിരുന്നു അടുത്ത ലക്ഷ്യം. എപ്പോഴും ലോറി ഇവിടെ ലക്ഷ്മൺ നായികിന്റെ കടയിൽ നിർത്താറുണ്ട്. കുളിക്കാനും മറ്റും ഒക്കെ സൌകര്യമുണ്ട്. രാവിലെ 7.36-ന് ശരവണൻ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. മണ്ണിലോ വെള്ളത്തിൽ പോയോ എന്നറിയില്ല പത്തുമണിയോടെയാണ് അപകടവിവരം അറിഞ്ഞതെന്ന് അമ്മാവൻ സെന്തിൽ കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ശരവണന്റെ ഫോൺ സ്വിച്ച് ഓഫ് ആയെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വീട്ടുകാർ ശരവണനെ വിളിച്ച് അറിയിക്കയായിരുന്നു. ഉടനെ ലോറി ഉടമയെ ഉടൻ വിവരം അറിയിക്കുകയും അദ്ദേഹം അപകടസ്ഥലത്തേക്ക് എത്തുകയും ചെയ്തു. എങ്കിലും ഒരു വിവരവും ഉണ്ടായില്ല. കാത്തിരുന്ന ശേഷം എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പറഞ്ഞ് ലോറി ഉടമ തിരികെപോവുകയും ചെയ്തു. പാതി മുറിഞ്ഞ ശരീരം ആരുടെ എന്നറിയില്ല അപകടം നടന്ന മലയ്ക്ക് താഴെ ശരവണൻ ഓടിച്ച ടാങ്കർ ലോറി കിടപ്പുണ്ടായിരുന്നു. മണ്ണ് മൂടിയ നിലയിലായിരുന്നു. ഒരു പാതി ശരീരമുള്ള മൃതദേഹം ലഭിച്ചെന്ന് അധികൃതർ അറിയിച്ചിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി ശരവണന്റെ പ്രായമായ അമ്മ ഇവിടേക്ക് വന്ന് മടങ്ങി. ആരുടെ എന്ന് ഉറപ്പില്ല. ഫലം അറിയില്ല. ഇതിന് ശേഷം വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. 39 വയസുകാരനായ ശരവണന് ഭാര്യയും ആറ് വയസ്സുള്ള ഒരു മകനുണ്ട്. ലോറി ഓടിച്ചാണ് കുടുംബം പോറ്റുന്നത്. വേറെ സാമ്പത്തിക മാർഗ്ഗങ്ങൾ ഒന്നുമില്ല. അർജുനുമായി ബന്ധമുള്ളവരോട് അന്വേഷിച്ചാണ് എന്താണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലാക്കുന്നത്. മരുമകൻ മണ്ണിനടിയിൽ പോയോ അതോ വെള്ളത്തിൽ ഒഴുകിപ്പോയോ എന്നു നിശ്ചമില്ലാതെ പത്ത് ദിവസമായി തുടരുന്നു എന്നും അമ്മാവൻ സെന്തിൽ കുമാർ പറഞ്ഞു. Read on deshabhimani.com