'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ്; 90കാരന് നഷ്ടമായത് ഒരു കോടി രൂപ
അഹമ്മദാബാദ്> ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായ 90കാരന് നഷ്ടമായത് ഒരു കോടി രൂപ. ഗുജറാത്തിലെ സൂറത്തിലുളള വ്യക്തിക്കാണ് തൻ്റെ ജീവിത സമ്പാദ്യമായ ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടത്. മുംബൈയിൽ നിന്ന് ചൈനയിലേക്ക് ഇയാളുടെ പേരിലയച്ച പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് 15 ദിവസത്തേക്ക് സിബിഐ ഓഫീസർമാരായി 'ഡിജിറ്റൽ അറസ്റ്റിന്' വിധേയനാക്കിയത്. സൂറത്ത് ക്രൈംബ്രാഞ്ച് പറയുന്നതനുസരിച്ച്, ചൈനയിലെ ഒരു സംഘവുമായി സഹകരിച്ച് നടത്തിയ റാക്കറ്റിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സൂത്രധാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുഖ്യപ്രതി പാർത്ഥ് ഗോപാനി കംബോഡിയയിലുണ്ടെന്ന് സംശയിക്കുന്നു. ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്ന മുതിർന്ന പൗരന് തട്ടിപ്പുകാരിൽ ഒരാളിൽ നിന്ന് വാട്‌സ്ആപ്പ് കോൾ ലഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ഭവേഷ് റോസിയ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ വിവരങ്ങൾ ഇയാളുടെ ബാങ്ക് ഡീറ്റെയ്ൽസിൽ നിന്ന് ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കും കുടുംബത്തിനുമെതിരെ കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴി നൽകി. Read on deshabhimani.com