നാലാമതും പെൺകുട്ടി; നവജാതശിശുവിനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു
ന്യൂഡൽഹി > ഡൽഹിയിൽ അമ്മ നവജാതശിശുവിനെ പാലുകൊടുക്കുന്നതിനിടയിൽ ശ്വാസംമുട്ടിച്ചു കൊന്നു. 28കാരിയായ യുവതി തുടർച്ചയായി പെൺകുട്ടികൾ ഉണ്ടാവുന്നതിൽ അസ്വസ്ഥയായിരുന്നു. നാലാമത്തെ കുട്ടിയും പെണ്ണായതോടെ സമൂഹത്തിൽ നിന്നുള്ള അപമാനം ഭയന്നാണ് കൊന്നത്. വെള്ളിയാഴ്ച രാവിലെയാണ് ആറു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കാണാതായി എന്ന് ഖൈല പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസിന് അമ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് യുവതി പ്രസവത്തിനു ശേഷം മാതാപിതാക്കളുടെ വീട്ടിൽ എത്തുന്നത്. രാത്രിയിൽ കുഞ്ഞിന് പാലുകൊടുക്കുന്നതിനിടയിൽ മയങ്ങിപ്പോയെന്നും രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പൊലീസ് തെരച്ചിൽ നടത്തുന്നതിനിടയിൽ സ്റ്റിച്ച് മാറ്റാനെന്നു പറഞ്ഞ് ഇവർ ആശുപത്രിയിൽ പോയി. ഇത് അസാധാരണമായി തോന്നിയെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പൊലീസ് പോകാനനുവദിക്കുകയായിരുന്നു. അന്വേഷണത്തിൽ അടുത്ത വീട്ടിലെ ടെറസിൽ ഒരു ബാഗിൽ കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. ഇത് തന്റെ നാലാമത്തെ പെൺകുട്ടിയായിരുന്നു എന്നും രണ്ടു കുട്ടികൾ നേരത്തെ തന്നെ മരിച്ചെന്നും അവർ പറഞ്ഞു. എല്ലാവരും പെൺകുട്ടികളായതിന്റെ പേരിൽ യുവതി സാമൂഹത്തിൽ നിന്നും അപമാനം നേരിടുന്നുണ്ടായിരുന്നു. മാനസികസമ്മർദ്ദം അനുഭവിച്ച യുവതി പാലുകൊടുക്കുന്നതിനിടയിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന് അടുത്തുള്ള ടെറസ്സിൽ ഇടുകയായിരുന്നു. വീട്ടുകാരോട് എന്തുപറയണമെന്ന ആശങ്കയിൽ കുട്ടിയെ കാണാനില്ല എന്ന് പറയുകയായിരുന്നു. യുവതിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തു കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. Read on deshabhimani.com