വിറച്ച് തമിഴ്നാട്; ഫെയ്ൻജൽ ചുഴലി തീരംതൊട്ടു



ചെന്നൈ > ഫെയ്ൻജൽ ചുഴലിക്കാറ്റിൽ വിറച്ച് തമിഴ്നാട്. പുതുച്ചേരിയിലും ആന്ധ്രയിലെ വിവിധ ഭാ​ഗങ്ങളിലും കനത്തമഴ. കാറ്റിലും പേമാരിയിലും ചെന്നൈ ന​ഗരത്തിലും സമീപമേഖലകളിലും ജനജീവിതം സ്തംഭിച്ചു.  വീടുകളിലും ആശുപത്രികളിലും വെള്ളം കയറി. ചെന്നൈയിൽ ഷോക്കേറ്റ് അതിഥിത്തൊഴിലാളിയടക്കം മൂന്ന് പേർ മരിച്ചു. എടിഎമ്മിൽ പണം പിൻവലിക്കുന്നതിനിടെയാണ് അതിഥിത്തൊഴിലാളിക്ക് ഷോക്കേറ്റത്. ചെന്നൈ വിമാനത്താവളം ഞായർ പുലർച്ചെ നാലുവരെ അടച്ചു. റൺവേയിൽ വെള്ളം കയറിയതോടെ അമ്പതിലേറെ വിമാനങ്ങൾ റദ്ദാക്കി. 19 വിമാനം വഴിതിരിച്ചുവിട്ടു.  ചെന്നൈ മെട്രോ ട്രെയിൻ സർവീസിനെയും നിരവധി ട്രെയിൻ സർവീസിനെയും ബസ് ​ഗതാ​ഗതത്തെയും ബാധിച്ചു. സ്കൂളുകളും കോളേജുകളും അടച്ചു. മുന്നറിയിപ്പ് അവ​ഗണിച്ച് ആളുകൾ ബീച്ചുകളിൽ ഇറങ്ങിയത് ആശങ്കയുണർത്തി. ചെന്നൈ, തിരുവള്ളുർ, ചെങ്കൽപേട്ട്, കാഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിലെ റായലസീമയിലും തീരദേശ ആന്ധ്രയിലും കനത്തമഴപെയ്തു. ഹൈദരാബാദ് വിമാനത്താവളത്തിൽ 20 സർവീസ് റദ്ദാക്കി. ചെന്നൈയിൽ വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ വാഹനങ്ങൾ ഫ്ലൈ ഓവറുകളിൽ നിർത്തിയിട്ടതോടെ ​​ഗതാ​ഗതത്തെയും ബാധിച്ചു.  ശ്രീപെരുമ്പതൂരിൽ ട്രാഫിക് ലൈറ്റ് തകർന്നുവീണു. താംബരം ​ജനറൽ ആശുപത്രിയിലും സമീപത്തെ തൊറാസിക് മെഡിസിൻ കേന്ദ്രത്തിലും വെള്ളം കയറി. ചെന്നൈവഴിയുള്ള ഖൊരക്പുർ തിരുവനന്തപുരം രപ്തിസാ​ഗർ എക്സ്പ്രസ് , ധൻബാദ് ആലുപ്പുഴ എക്സ്പ്രസ്  തുടങ്ങിയ ട്രെയിനുകൾ‌ വഴിതിരിച്ചുവിട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്ഥിതി​ വിലയിരുത്തി.  ചെന്നൈയിലെ 334 ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടായതായി ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. 329 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിലൂടെ 2,32,000 പേർക്ക് ഭക്ഷണം വിതരണം ചെയ്തു. ന​ഗരത്തിലുള്ള 386 അമ്മ കാന്റീനുകൾ വഴി സൗജന്യമായി ഭക്ഷണം നൽകി. കനത്തമഴപെയ്യുന്ന പുതുച്ചേരിയിൽ 12 ലക്ഷം പേർക്ക് മുന്നറിയിപ്പ് എസ്എംഎസിലൂടെ നൽകിയതായി പുതുച്ചേരി സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി എൻ രം​ഗസ്വാമി മഴക്കെടുതി മേഖലകൾ സന്ദർശിച്ചു.   ഇന്ന് ദുർബലമാകും കാലാവസ്ഥാ പ്രവചനക്കാരെ വട്ടംചുറ്റിച്ച ഫെയ്‌ൻജൽ ചുഴലിക്കാറ്റ്‌  ശനിയാഴ്‌ച വൈകിട്ടോടെ പുതുച്ചേരിയ്ക്കും കാരയ്ക്കലിനും ഇടയിലാണ് തീരംതൊട്ടത്. വടക്കുകിഴക്ക്‌ നിന്നുള്ള തണുത്ത കാറ്റിന്റെ ശക്തി മൂലം കരതൊടാൻ വൈകിയ ചുഴലിക്കാറ്റ്‌ ഞായറാഴ്‌ചയോടെ ദുർബലമാകുമെന്നാണ്‌ നിഗമനം. ഈ വർഷത്തെ നാലാമത്തെയും ഈ സീസണിലെ രണ്ടാമത്തെയും ചുഴലിക്കാറ്റാണിത്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്‌ക്ക്‌ സമീപം 25ന്‌ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന്‌ വിവിധ കാലാവസ്ഥാ ഏജൻസികൾ പ്രവചിച്ചിരുന്നു. എന്നാൽ, ബംഗാൾ ഉൾക്കടലിൽ വടക്കുകിഴക്ക്‌ ഭാഗത്തായി രൂപപ്പെട്ട ചക്രവാതചുഴികൂടി ചേർന്നതോടെ ചുഴലിക്കാറ്റ്‌ രൂപീകരണം മന്ദഗതിയിലായി. ചെന്നെക്ക്‌ 300 കിലോമീറ്റർ തെക്ക്‌ കിഴക്കായി സഞ്ചരിക്കുകയായിരുന്ന ചുഴലിക്കാറ്റ്‌ ശനിയാഴ്‌ച രാവിലെയോടെയാണ്‌ കരയിലേക്ക്‌ നീങ്ങിയത്‌.   Read on deshabhimani.com

Related News