കുറ്റവാളിയാണെങ്കിലും
 വീട് ഇടിച്ചുപൊളിക്കരുത് ; ബുൾഡോസർരാജിന്‌ കടിഞ്ഞാണിടാൻ സുപ്രീംകോടതി



ന്യൂഡൽഹി ക്രിമിനൽക്കേസുകളിലെ പ്രതികളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ബുൾഡോസർ കൊണ്ട്‌ ഇടിച്ചുപൊളിക്കുന്നതിനെതിരെ കർശനനിലപാടുമായി സുപ്രീംകോടതി. ഒരാൾ പ്രതിയെന്നല്ല കുറ്റവാളിയാണെങ്കിൽ പോലും ആ വ്യക്തിയുടെ വീട്‌ ഇടിച്ചുനിരത്തുന്നത്‌ ശരിയായ നടപടിയല്ലെന്ന്‌ ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ നിരീക്ഷിച്ചു. ഇത്തരം ഇടിച്ചുനിരത്തലുകള്‍ നിയന്ത്രിക്കാൻ രാജ്യവ്യാപകമായി കർശന മാർഗരേഖ പുറപ്പെടുവിക്കും–- സുപ്രീംകോടതി അറിയിച്ചു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട്‌ ഉത്തർപ്രദേശ്‌ ഉൾപ്പെടെയുള്ള ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ഇത്തരം പ്രതികാര നടപടികൾ വ്യാപകമായതോടെയാണ്‌  ഇടിച്ചുപൊളിക്കലിനെ ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിച്ചത്‌. പ്രതിയായെന്ന ഒറ്റക്കാരണത്താൽ വീടോ വ്യാപാരസ്ഥാപനമോ ഇടിച്ചുനിരത്തുന്നത്‌ എങ്ങനെ? ഹർജിക്കാർ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ രാജ്യമാകെ ബാധകുംവിധം മാർഗനിർദേശം പുറപ്പെടുവിക്കാൻ ആലോചിക്കുന്നു.  ബന്ധപ്പെട്ട കക്ഷികൾക്ക്‌  അഭിപ്രായ, നിർദേശങ്ങൾ  പങ്കുവെക്കാം. അതിന്റെ അടിസ്ഥാനത്തിൽ മാർഗനിർദേശം പുറത്തിറക്കും–-  ഇടക്കാല ഉത്തരവിൽ പറഞ്ഞു. ലഭിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിക്കാൻ മുതിർന്ന അഭിഭാഷകൻ നചികേതാ ജോഷിയെ ചുമതലപ്പെടുത്തി. രാജസ്ഥാനിലെ  റാഷിദ്‌ഖാൻ, മധ്യപ്രദേശിലെ മുഹമ്മദ്‌ ഹുസൈൻ തുടങ്ങിയവർ നൽകിയ ഹർജികളാണ്‌ പരിഗണിച്ചത്‌. 2022 ഏപ്രിലിൽ ഡൽഹി ജഹാംഗിർപുരിയിൽ മുസ്‌ലിങ്ങളുടെ വീടും കടയും ഇടിച്ചുപൊളിച്ചത്‌ വലിയ വാർത്തയായിരുന്നു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദാകാരാട്ട്‌ ഉൾപ്പടെയുള്ളവർ കോടതി ഉത്തരവുമായി എത്തിയാണ്‌ ബുൾഡോസറിനുമുന്നിൽ നിൽക്കുകയായിരുന്നു. കോടതി ഉത്തരവ്‌ അനുസരിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമുള്ള  ഇടിച്ചുപൊളിക്കലിനെതിരെ ബൃന്ദ കാരാട്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News