അദാനിയെ കൈവിടാതെ മോദി ; വീണ്ടും സ്‌തംഭിച്ച് പാർലമെന്റ്
ന്യൂഡൽഹി അദാനി കോഴയിടപാടിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ തിങ്കളാഴ്‌ചയും പാർലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു. ചർച്ച അനുവദിക്കില്ലെന്ന മോദി സർക്കാരിന്റെ പിടിവാശിയിൽ ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്‌ച പൂർണമായും അലങ്കോലപ്പെട്ടിരുന്നു. രണ്ടാംവാരത്തിലും സമാനസ്ഥിതി തുടരുകയാണ്. അദാനി കോഴ, സംഭൽ വെടിവയ്‌പ്പ്, മണിപ്പുർ സംഘർഷം, ബംഗ്ലാദേശിലെ ആഭ്യന്തരസംഘർഷം, ഡൽഹിയിലെ ക്രമസമാധാനത്തകർച്ച തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഇരുസഭകളിലും നോട്ടീസ് നൽകി. ചർച്ചയ്‌ക്ക് സഭാധ്യക്ഷർ വഴങ്ങാത്തതോടെ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. ലോക്‌സഭയിൽ പ്രതിഷേധത്തിനിടെ തുറമുഖ–- ഷിപ്പിങ് മന്ത്രി സർബാനന്ദ സൊനോവാൾ തീരദേശ ഷിപ്പിങ് ബിൽ അവതരിപ്പിച്ചു. തീരദേശ വ്യാപാരം വർധിപ്പിക്കുക, രാജ്യസുരക്ഷയ്‌ക്കും വാണിജ്യാവശ്യങ്ങൾക്കുമായി ഇന്ത്യൻ കപ്പലുകളെ ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ബില്ലെന്ന് മന്ത്രി പറഞ്ഞു. ബില്ലവതരണത്തിന് പിന്നാലെ ചൊവ്വാഴ്‌ചത്തേക്ക് സഭ പിരിഞ്ഞു. രാജ്യസഭയും മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു. ചൊവ്വാഴ്ച അദാനി വിഷയത്തിലടക്കം പാര്‍ലമെന്റിന് മുന്നിൽ പ്രതിപക്ഷ പാര്‍ടികള്‍ പ്രതിഷേധിക്കും. Read on deshabhimani.com