ഇന്ത്യയിലെ ഹൈക്കമീഷണറെ തിരിച്ചുവിളിച്ച്‌ ബംഗ്ലാദേശ് ; യുഎൻ 
പ്രതിനിധിയേയും 
തിരിച്ചുവിളിച്ചു



ന്യൂഡൽഹി ഷെയ്‌ഖ്‌ ഹസീന സർക്കാർ നിയമിച്ച ഇന്ത്യയിലെ ഹൈക്കമീഷണറെ ധാക്കയിലേയ്‌ക്ക്‌ തിരിച്ചുവിളിച്ച്‌ മുഹമ്മദ്‌ യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഇന്ത്യയിലെ ഹൈക്കമീഷണർ മുസ്തഫിസുർ റഹ്മാനോട്‌ ഉടൻ ധാക്കയിൽ റിപ്പോർട്ട്‌ ചെയ്യാനാണ്‌ നിർദേശം. പ്രക്ഷോഭത്തെ തുടർന്ന്‌ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഹസീനയ്‌ക്ക്‌ ഇന്ത്യയിലേക്ക്‌ പലായനം ചെയ്യാൻ സഹായം ഒരുക്കിയത്‌ മുസ്തഫിസുർ റഹ്മാനാണെന്ന്‌ ആരോപണമുണ്ടായിരുന്നു. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമീഷണർ പ്രണയ് വർമ, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈനുമായി ധാക്കയിൽ ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിട്ടനിലെ ഹൈക്കമീഷണർ സൈദ മുന തസ്‌നീമിനെ കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു.     യുഎൻ അംബാസഡർ, ബെൽജിയം, ഓസ്‌ട്രേലിയ, പോർച്ചുഗൽ രാജ്യങ്ങളിലെ സ്ഥാനപതിമാർ എന്നിവരോടും ഉടൻ ധാക്കയിൽ എത്താൻ വിദേശവകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്‌.      നയതന്ത്ര പുനഃസംഘടന നടത്താനാണ്‌  നടപടിയെന്ന് ബംഗ്ലാദേശ്‌ ഇടക്കാല സർക്കാർ അറിയിച്ചു. Read on deshabhimani.com

Related News