ഡൽഹി മാർച്ചില്‍ യുപി പൊലീസിന്റെ അഴിഞ്ഞാട്ടം ; കർഷകരെ ജയിലിലടച്ചു , സ്‌ത്രീകളെയടക്കം വലിച്ചിഴച്ചു

ഗ്രേറ്റർ നോയിഡയിൽ സമരം ചെയ്‌ത കർഷകരെ യുപി പൊലീസ്‌ വലിച്ചിഴയ്ക്കുന്നു ഫോട്ടോ: പി വി സുജിത്‌


ന്യൂഡൽഹി വൻകിട പദ്ധതികൾക്കായി ഏറ്റെടുത്ത ഭൂമിക്ക്‌ ന്യായമായ നഷ്‌ടപരിഹാരമടക്കം ആവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന കർഷകരെ കൂട്ടത്തോടെ ജയിലിലടച്ച്‌ ഉത്തർപ്രദേശിലെ ആദിത്യനാഥ്‌ സർക്കാർ. ചീഫ്‌ സെക്രട്ടറി നേരിട്ടെത്തി സംയുക്ത കിസാൻ മോർച്ച നേതാക്കളുമായി ചർച്ച നടത്തുമെന്ന ഉറപ്പുനൽകി മണിക്കൂറുകൾക്കകമാണ്‌ ബിജെപി സർക്കാരിന്റെ ചതിപ്രയോഗം. ധാരണ പ്രകാരം ദേശീയ പാതയിയിലെ ധർണ ഒഴിവാക്കി ഡൽഹി അതിർത്തിയിലെ അംബേദ്‌കർ പാർക്കിൽ സമരം തുടരുന്ന കർഷകർക്കുനേരെ യുപി പൊലീസ്‌ അഴിഞ്ഞാടുകയായിരുന്നു. ചൊവ്വാഴ്‌ച രാവിലെ ഇരച്ചെത്തിയ പൊലീസ്‌ സംഘം സ്‌ത്രീകളടക്കമുള്ള കർഷകരെ നിർദയം തല്ലിച്ചതച്ചു. ഇരുന്നൂറോളം പേരെ അറസ്റ്റുചെയ്‌ത്‌ ജയിലടച്ചു. ഭൂരിഭാഗവും സ്‌ത്രീകളാണെന്ന്‌ അഖിലേന്ത്യ കിസാൻ സഭ നേതാവ്‌ പുഷ്‌പേന്ദർ ത്യാഗി പറഞ്ഞു. പരിക്കേറ്റവർക്ക്‌ മതിയായ ചികിത്സപോലും നൽകിയില്ല. ഗ്രേറ്റർ നോയിഡ അടക്കമുള്ള പ്രദേശങ്ങളിലെ കർഷകർ വീടുകളിലേക്ക്‌ പ്രഭാത ആവശ്യങ്ങൾക്ക്‌ പോയ സമയത്താണ്‌ പൊലീസിന്റെ നീക്കമുണ്ടായത്‌. കിസാൻ സഭ ഗ്രേറ്റർ നോയിഡ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഗബ്രി മുഖ്യ, ഗൗതം ബുദ്ധനഗറിലെ നിരവധി നേതാക്കൾ എന്നിവരെ പൊലീസ്‌ വീട്ടുതടങ്കലിലാക്കി. എന്നാൽ, ബുധനാഴ്‌ച സമരകേന്ദ്രത്തിൽ സംഘടിക്കാനാണ്‌ തീരുമാനമെന്ന്‌ കർഷകർ അറിയിച്ചു. വിജയംവരെ പോരാടുമെന്നും ആദിത്യനാഥിന്റെ ഭീഷണിക്ക്‌ മുന്നിൽ മുട്ടുമടക്കില്ലന്നും സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. സമാധാനപരമായ സമരം നടത്താനുള്ള ഭരണഘടനാപരമായ അവകാശം ബിജെപി സർക്കാർ നിഷേധിച്ചു. ജുഡീഷ്യറി ഇടപെടണം. ഏറ്റെടുത്ത ഭൂമിക്ക്‌ ന്യായമായ നഷ്‌ടപരിഹാരമടക്കം ആദിത്യനാഥ്‌ സർക്കാർ നിഷേധിക്കുന്നു. അന്തിമ വിജയംവരെ കർഷകർ ഒറ്റക്കെട്ടായി നിലകൊള്ളും–-എസ്‌കെഎം പ്രസ്‌താവനയിൽ വ്യക്തമാക്കി.  കർഷകർ ബിജെപി സർക്കാരിനെ പിടിച്ചുകുലുക്കിയെന്ന്‌ പൊലീസ്‌ നടപടിയിലൂടെ വ്യക്തമായെന്ന്‌ അഖിലേന്ത്യ കിസാൻ സഭയും പറഞ്ഞു. രാജ്യത്തെ പകുതി 
കർഷകർക്കും കടബാധ്യത രാജ്യത്തെ 50 ശതമാനം കർഷകരും കടബാധ്യതയിലാണെന്ന് ലോക്‌സഭയിൽ  കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി മറുപടി നൽകി. കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന്‌ 2017–-18ൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. കർഷകരിൽ 90 ശതമാനത്തിൽ കൂടുതൽ പേർക്കും കടബാധ്യതയുള്ള ആന്ധ്രപ്രദേശും തെലങ്കാനയും ആണ്  മുന്നിൽ. സാമ്പിൾ സർവേ ഓഫീസ് 2019ൽ നടത്തിയ സർവേ പ്രകാരമുള്ള കണക്കുകൾ മാത്രമാണ് കർഷകരുടെ വരുമാനവും ബാധ്യതയും സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ പക്കലുള്ളത്. ഇതനുസരിച്ച് കേരളത്തിൽ കർഷക കുടുംബങ്ങളുടെ ശരാശരി മാസവരുമാനം 17,915 രൂപയാണ്. രാജ്യത്ത്‌ 10,218 രൂപ മാത്രം.   Read on deshabhimani.com

Related News