അസമിൽ ലവ് ജിഹാദിന് ജീവപര്യന്തം, പുതിയ നിയമനിർമാണം ഉടൻ: ഹിമന്ത ബിശ്വ ശർമ
അസം> ലവ് ജിഹാദിന് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഉത്തർപ്രദേശിൽ 2021ലെ മതപരിവർത്തന നിയമം യോഗി ആദിത്യനാഥ് സർക്കാർ ഭേദഗതി ചെയ്തതിന് പിന്നാലെയാണ് ഇത്. 'നിർബന്ധിതമായ മതപരിവർത്തനവും പ്രണയ ചതിയുമാണ് ലവ് ജിഹാദിലൂടെ നടത്തുന്നത്. കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ലവ് ജിഹാദിനെ ജീവപര്യന്തം ശിക്ഷ നൽകുന്ന കുറ്റകൃത്യമാക്കി നിയമനിർമാണം നടത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.' ഹിമന്ത ബിശ്വ ശർമ പറയുന്നു. 'ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭൂവിനിമയത്തിന് മുഖ്യമന്ത്രിയുടെ അനുമതി നിർബന്ധമാക്കി. തദ്ദേശീയരായ ജനവിഭാഗങ്ങളുടെ അവകാശത്തിനുവേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നത്. ബാർപേട്ട, മജൗലി, ബതദ്രവ തുടങ്ങിയ സ്ഥലങ്ങളിൽ തദ്ദേശീയരായവർക്ക് മാത്രം ഭൂവിനിമയം സാധ്യമാക്കുന്ന രീതിയിൽ നിയമനിർമാണം നടത്തും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനസംഖ്യയെ ഉൾപ്പെടെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ് 'ലാൻഡ് ജിഹാദ്'. ഒരു പ്രത്യേകവിഭാഗത്തിലെ ആളുകളെ ഒഴിപ്പിച്ചതുവഴി ചണ്ഡീഗഢിന്റെ വലിപ്പം വരുന്ന പ്രദേശം വീണ്ടെടുക്കാനായി. സംസ്ഥാന സർക്കാർ ജോലികൾക്ക് ഡൊമിസൈൽ പോളിസി കൊണ്ടുവരും. ഈ പോളിസി പ്രകാരം അസമിൽ ജനിച്ചവർക്കായിരിക്കും സർക്കാർ ജോലി ലഭിക്കുക. ഒരു ലക്ഷം ഗവൺമെന്റ് ജോലികൾ തദ്ദേശീയരായർക്ക് മുൻഗണന നൽകി ക്രമീകരിച്ചിട്ടുണ്ട്.' ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു. 2021 ലെ മതപരിവർത്തന നിയമഭേദഗതിയിലൂടെ യോഗി ആദിത്യനാഥ് സർക്കാർ മതപരിവർത്തനത്തെ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കി മാറ്റിയിരുന്നു. Read on deshabhimani.com