വ്യാപാരവും കുടിയേറ്റവും ഇന്ത്യക്ക് പ്രതിസന്ധിയാകും ; ഇന്ത്യ യുഎസ് ബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാകും
ന്യൂഡൽഹി മനുഷ്യാവകാശം, ജനാധിപത്യം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം തീവ്രവലതു നിലപാട് സ്വീകരിക്കുന്ന ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്നതോടെ ഇന്ത്യ യുഎസ് ബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാകും. കുടിയേറ്റം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് പ്രതികൂലമാകാവുന്ന തീരുമാനങ്ങളുണ്ടാകും. 2022–-23 സാമ്പത്തികവർഷത്തിൽ യുഎസിലേക്ക് തൊഴിൽ വിസയിൽ എത്തിയവരിൽ 72 ശതമാനവും ഇന്ത്യക്കാരായിരുന്നു. ഐടി, എഞ്ചിനീയറിങ്, ടെക്‌നോളജി തുടങ്ങിയ തൊഴിൽ മേഖലകളിൽ വിദേശ ജീവനക്കാരെ നിയമിക്കുന്നതിനായുള്ള എച്ച്–- 1ബി വിസ വർഷം 85000 എണ്ണമാണ് യുഎസ് അനുവദിക്കുക. ഐടി കമ്പനികൾക്ക് ജീവനക്കാരെ യുഎസിൽ അയക്കാൻ ഇതാണ് ആശ്രയം. എച്ച്–-1ബി വിസ വളരെ മോശമാണെന്നും തദ്ദേശീയ തൊഴിലാളികൾക്കും ജീവനക്കാർക്കും ദോഷം ചെയ്യുന്നതാണെന്നുമാണ് ട്രംപിന്റെ നിലപാട്. യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ വലിയ തീരുവ ചുമത്തുന്നുവെന്ന ആക്ഷേപവും ട്രംപിനുണ്ട്. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് തീരുവ കൂട്ടാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചാൽ ഐടി, മരുന്നുനിർമാണം, ടെക്‌സ്റ്റൈൽസ് തുടങ്ങിയ ഇന്ത്യൻ വ്യവസായ മേഖലകൾക്ക് തിരിച്ചടിയാകും. ഇന്ത്യ–- ചൈന ബന്ധം മെച്ചപ്പെടുന്നതും ട്രംപിന് രുചിക്കില്ല. ചൈനയോട് പരമാവധി അകലം പാലിക്കാൻ യുഎസിൽ നിന്ന് സമർദമേറും. റഷ്യ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ട്രംപിന് സൗഹൃദമുള്ളതിനാൽ ഇന്ത്യ–- റഷ്യ വ്യാപാരം, പ്രത്യേകിച്ച് എണ്ണ വ്യാപാരം കൂടുതൽ സുഗമമാകും. മനുഷ്യാവകാശങ്ങൾക്കും മറ്റും ട്രംപ് വില കൽപ്പിക്കാത്തതിനാൽ ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന ന്യൂനപക്ഷവിരുദ്ധ നടപടികളോടും മറ്റും യുഎസിനുള്ള സമീപനവും മാറാം. Read on deshabhimani.com