പുതിയ കോവിഡ് വ്യാപനത്തിന് പിന്നിൽ രണ്ട് വകഭേദങ്ങൾ
ന്യൂഡൽഹി > ഇന്ത്യയിലെ കോവിഡ് നിരക്കുകൾ വർധിക്കുന്നതിന് പിന്നിൽ KP.1, KP.2 എന്നീ രണ്ട് വകഭേദങ്ങളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കി. JN.1 ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉരുത്തിരിഞ്ഞവയാണ് KP.1, KP.2 എന്നീ വകഭേദങ്ങൾ എന്നാണ് കണ്ടെത്തൽ. രാജ്യത്തെ കോവിഡ് കേസുകൾക്ക് പിന്നിൽ രണ്ട് വകഭേദങ്ങളാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങൾ. പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ ഫലപ്രദമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഓഗസ്റ്റ് അഞ്ചുവരെ 824 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 417 എണ്ണം മഹാരാഷ്ട്രയിൽ നിന്നും 157 എണ്ണം വെസ്റ്റ്ബെംഗാളിൽ നിന്നും 64 എണ്ണം ഉത്തരാഖണ്ഡിൽ നിന്നുമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിലും വ്യക്തമാക്കി. അമേരിക്ക, യൂറോപ്പ്, വെസ്റ്റേൺ പസഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവിൽ കൂടുതലുള്ളത്. തീവ്രമായ വകഭേദങ്ങൾ വന്നേക്കാമെന്നും ലോകാരോഗ്യസംഘടനാ മുന്നറിയിപ്പുണ്ട്. കോവിഡ് ഇപ്പോഴും നമുക്കൊപ്പമുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാൻ വെർഖോവ് വിവരിച്ചത്. എൺപത്തിനാല് രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണെന്നും പലസ്ഥലങ്ങളിലും പ്രാദേശികതലത്തിലാണ് വ്യാപനമുള്ളതെന്നും മരിയ വ്യക്തമാക്കി. Read on deshabhimani.com