പ്രധാനമന്ത്രി ചീഫ്‌ജസ്‌റ്റിസിന്റെ വീട്‌ സന്ദർശിച്ചതിൽ പ്രതിഷേധം, വിമർശം



ന്യൂഡൽഹി പ്രധാനമന്ത്രി സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിന്റെ വീട്ടിലെത്തി ഗണപതിപൂജയിൽ പങ്കെടുത്തത്‌ വിവാദമായി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ സാധാരണക്കാരുടെ ഉള്ളിൽ പോലും വലിയസംശയങ്ങൾ ഉണ്ടാക്കുന്നതാണ്‌ പ്രധാനമന്ത്രിയുടെയും ചീഫ്‌ജസ്‌റ്റിസിന്റെയും നടപടിയെന്ന്‌ പ്രതിപക്ഷവും നിയമവിദഗ്‌ധരും വിമർശിച്ചു. എന്നാൽ, ഗണപതിപൂജയിൽ ഒന്നിച്ച്‌ പങ്കെടുക്കുന്നത്‌ കുറ്റമല്ലെന്നും രാഷ്ട്രീയനേതാക്കളും ജഡ്‌ജിമാരും പലപ്പോഴും വേദികൾ പങ്കിടാറുണ്ടെന്നും ബിജെപി നേതാക്കൾ പ്രതിരോധിച്ചു.   പ്രധാനമന്ത്രിയുടെയും ചീഫ്‌ജസ്‌റ്റിസിന്റെയും‘സംയുക്തപൂജ’ അസ്വസ്ഥത സൃഷ്ടിക്കുന്ന സന്ദേശമാണ്‌ പൊതുസമൂഹത്തിന്‌ നൽകിയിട്ടുള്ളതെന്ന്‌ ആർജെഡി നേതാവും എംപിയുമായ മനോജ്‌ ഝാ പ്രതികരിച്ചു. ഒരോ സംവിധാനങ്ങളുടെയും സ്വാതന്ത്ര്യം സംബന്ധിച്ച അവകാശവാദങ്ങൾ കടലാസിൽ ഒതുങ്ങിയത്‌ കൊണ്ട്‌ കാര്യമില്ല. അത്‌ പൊതുസമൂഹത്തിനുകൂടി ബോധ്യപ്പെടുംവിധമാകണം–- മനോജ്‌ത്സാ ആവശ്യപ്പെട്ടു. ഗണപതി പൂജ ഡൽഹിയിൽ പല സ്ഥലങ്ങളിലും നടക്കുന്നുണ്ടെന്നും അവിടെയൊന്നും പോകാതെ പ്രധാനമന്ത്രി ചീഫ്‌ജസ്‌റ്റിസിന്റെ വീട്ടിൽ തന്നെ പോയതിൽ ദുരൂഹതയുണ്ടെന്നും ശിവസേന ഉദ്ധവ്‌താക്കറേ വിഭാഗം നേതാവും എംപിയുമായ സഞ്‌ജയ്‌റാവത്ത്‌ ആരോപിച്ചു.  പുതിയ വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ മഹാരാഷ്ട്രയിലെ അധികാരത്തർക്കം സംബന്ധിച്ച കേസ്‌ പരിഗണിക്കുന്ന ബെഞ്ചിൽനിന്നും ചീഫ്‌ജസ്‌റ്റിസ്‌ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയ്‌ക്കുള്ളിൽനിന്നും ഭരണഘടനാബാധ്യതകൾ നിറവേറ്റേണ്ട   ജുഡീഷ്യറിയുടെമേൽ കരിനിഴൽ വീഴ്‌ത്തുന്നതാണ്‌ ചീഫ്‌ജസ്‌റ്റിസിന്റെ വീട്ടിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന്‌ പ്രശാന്ത്‌ഭൂഷൺ പ്രതികരിച്ചു.  പ്രതിഷേധാർഹം: 
ലോയേഴ്‌സ്‌ യൂണിയൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ്ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ വസതി സന്ദർശിക്കുകയും അവിടെ നടന്ന ഗണേശപൂജയിൽ പങ്കെടുക്കുകയും ചെയ്‌തത്‌ പ്രതിഷേധാർഹമാണെന്ന് അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ. ഗണേശപൂജ സ്വാതന്ത്ര ദിനവും റിപബ്ലിക്ക് ദിനവും പോലെ ഒരു ദേശീയ പരിപാടിയല്ല. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ വീട്ടിൽ നടന്ന തികച്ചും സ്വകാര്യവും മതപരവുമായ ചടങ്ങാണത്. അതിൽ, പ്രധാനമന്ത്രികൂടി പങ്കെടുത്തത്  പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകിയത്‌. ജുഡീഷ്യറിയുടെ വിശ്വാസ്യതയ്‌ക്ക്‌ പോറലേൽപ്പിക്കുന്ന ഏത് നടപടിയും ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കുന്നതിന് തുല്യമാണെന്ന്‌ യൂണിയൻ ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥ്, പ്രസിഡന്റ്‌ ബികാഷ് രഞ്ജൻ ഭട്ടാചാര്യ എന്നിവർ  പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News