മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ഇ വി കെ എസ്‌ ഇളങ്കോവൻ 
അന്തരിച്ചു



ചെന്നൈ മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻകേന്ദ്രമന്ത്രിയുമായ ഈറോഡ്‌ വെങ്കട കൃഷ്ണസ്വാമി സമ്പത്ത്‌ ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്‌ ഒരുമാസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈറോഡ്‌ ഈസ്റ്റ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചുവരവെയാണ്‌ അന്ത്യം. ദ്രാവിഡമുന്നേറ്റത്തിന്റെ പിതാവായ പെരിയാർ ഇ വി രാമസ്വാമി നായ്‌ക്കരുടെ സഹോദരന്റെ ചെറുമകനും ഡിഎംകെയുടെ സ്ഥാപകനേതാക്കളിൽ ഒരാളുമായ  ഇ വി കെ സമ്പത്തിന്റെ മകനുമാണ്‌ ഇളങ്കോവൻ. 1984ൽ സത്യമംഗത്തുനിന്ന്‌ നിയമസഭയിലേക്കും 2004ൽ ഗോപിച്ചെട്ടിപ്പാളയത്തിൽനിന്ന്‌ ലോക്‌സഭയിലേക്കും വിജയിച്ചു. 2004 മുതൽ 2009 വരെ മൻമോഹൻസിങ്‌ സർക്കാരിൽ ടെക്‌സ്റ്റൈൽസ്‌ മന്ത്രിയായിരുന്നു. തമിഴ്‌നാട്‌ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്‌. മകൻ തിരുമകൻ ഇവരയുടെ മരണത്തെത്തുടർന്ന്‌ നടന്ന ഉപതെരഞ്ഞെടുപ്പിലാണ്‌ ഈറോഡ്‌ ഈസ്റ്റിൽനിന്നും വിജയിച്ചത്‌. ഇളങ്കോവന്റെ മരണത്തിൽ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിച്ചു.   Read on deshabhimani.com

Related News