ഭരണഘടനാ ചർച്ചയ്‌ക്കുള്ള മറുപടി പ്രതിപക്ഷ വിമർശങ്ങൾക്ക്‌ മറുപടി നൽകാതെ മോദി



ന്യൂഡൽഹി > ഭരണഘടനയുടെ 75–-ാം വാർഷികം മുൻനിർത്തി ലോക്‌സഭയിൽ രണ്ടുദിവസം നീണ്ട പ്രത്യേകചർച്ചയ്‌ക്കുള്ള മറുപടിയിൽ പ്രതിപക്ഷ ആരോപണങ്ങൾക്കൊന്നും മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുമണിക്കൂറോളം നീണ്ട മറുപടിയിൽ കോൺഗ്രസിലെ കുടുംബവാഴ്‌ചയെയും അടിയന്തരാവസ്ഥ ഉൾപ്പെടെ നെഹ്‌റു കുടുംബാംഗങ്ങൾ പ്രധാനമന്ത്രിപദത്തിലിരുന്ന ഘട്ടങ്ങളിൽ ഭരണഘടനയ്‌ക്ക്‌ നേരെയുണ്ടായ ആക്രമണങ്ങളെയുമാണ്‌ മോദി വിമർശിച്ചത്‌. രാഷ്ട്രീയത്തെ കുടുംബവാഴ്‌ചയിൽനിന്ന്‌ മുക്തമാക്കുക, മതാടിസ്ഥാനത്തിലുള്ള സംവരണനീക്കങ്ങളെ തടയുക എന്നിവയടക്കം 11 പ്രതിജ്ഞകളും മോദി മുന്നോട്ടുവച്ചു. രണ്ടുദിവസത്തെ ചർച്ചയിൽ മതനിരപേക്ഷത അടക്കമുള്ള ഭരണഘടനാതത്വങ്ങൾ അട്ടിമറിക്കാൻ 10 വർഷത്തിലേറെയായി സർക്കാർ നടത്തുന്ന ശ്രമങ്ങളാണ്‌ പ്രതിപക്ഷം മുഖ്യമായും ഉന്നയിച്ചത്‌. രാജ്യത്തിന്റെ സമ്പത്താകെ അദാനി ഗ്രൂപ്പിന്‌ തീറെഴുതുന്നതും മിനിമം താങ്ങുവിലയടക്കമുള്ള കർഷകരുടെ ആവശ്യങ്ങളോട്‌ മുഖംതിരിക്കുന്നതും കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷ പാർടികളെ വേട്ടയാടുന്നതും ജുഡീഷ്യറി അടക്കമുള്ള ഭരണഘടനാ സംവിധാനങ്ങളെ വരുതിയിലാക്കാനുള്ള നീക്കങ്ങളും പ്രതിപക്ഷാംഗങ്ങളുടെ ചർച്ചകളിൽ ഉയർന്നുവന്നിരുന്നു. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ മോദി കൂട്ടാക്കിയില്ല. നെഹ്‌റുവിന്റെ കാലം മുതൽ ഭരണഘടനയ്‌ക്ക്‌ നേരെ ആക്രമണമുണ്ടായെന്ന്‌ മോദി പറഞ്ഞു.   പ്രധാനമന്ത്രിയാകുന്നതിന്‌ മുമ്പുതന്നെ ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിയന്ത്രിച്ച്‌ നെഹ്‌റു ഓർഡിനൻസ്‌ കൊണ്ടുവന്നു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിക്കെയാണ്‌ ഭരണഘടനാവകാശങ്ങളെല്ലാം അട്ടിമറിച്ച്‌ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചത്‌. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ നിയമം നിർമിച്ചു. അധികാരത്തിൽ ഇല്ലാത്തപ്പോഴും കോൺഗ്രസ്‌ ഭരണത്തെ നെഹ്‌റു കുടുംബം നിയന്ത്രിച്ചു. മൻമോഹൻ സിങ്‌ ഇത്‌ തുറന്നുപറഞ്ഞിട്ടുണ്ട്‌. മന്ത്രിസഭാ ഉത്തരവ്‌ അഹങ്കാരിയായ ഒരു വ്യക്തി മാധ്യമങ്ങൾക്ക്‌ മുന്നിൽ വലിച്ചുകീറി. ഒരു കുടുംബം കോൺഗ്രസ്‌ പാർടിയെ പിടിച്ചടക്കി. ജനാധിപത്യം ഇല്ലാതാക്കി. സ്വന്തം പാർടി ഭരണഘടനപോലും അവർ മാനിക്കുന്നില്ല–- മോദി പറഞ്ഞു. Read on deshabhimani.com

Related News