ദുരിതാശ്വാസത്തിൽ കേന്ദ്ര അവഗണന; എംപിമാർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു
ന്യൂഡൽഹി > ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയിൽ എൽഡിഎഫ്–-യുഡിഎഫ് എംപിമാർ ഒറ്റക്കെട്ടായി പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ചു. ‘വയനാടിന് നീതി ലഭ്യമാക്കുക, ദുരിതാശ്വാസ പാക്കേജ്’ അനുവദിക്കുക എന്ന ബാനറുമായാണ് എംപിമാർ പ്രതിഷേധിച്ചത്. രക്ഷാപ്രവർത്തനങ്ങളുടെ ചെലവും കേന്ദ്രസർക്കാർ കേരളത്തിന്റെ കൈയിൽനിന്ന് തട്ടിയെടുക്കുകയാണെന്ന് എംപിമാർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷാച്ചെലവും ദുരിതമനുഭവിക്കുന്ന ജനങ്ങൾ നൽകേണ്ടിവരുന്നു. തുടക്കംമുതൽ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ കളവ് പറയുകയാണ്. കേന്ദ്രസർക്കാരിന്റെ കാലാവസ്ഥ നിരീക്ഷണ ഏജൻസികളുടെ മുന്നറിയിപ്പ് കേരളം അവഗണിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത്‌ഷാ പറഞ്ഞു. ക്വാറികളാണ് കുഴപ്പമുണ്ടാക്കിയതെന്ന കഥ പരിസ്ഥിതി മന്ത്രി പറഞ്ഞു. ഇത് രണ്ടും പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌ത സഹായവും കിട്ടിയില്ല. നവംബർ 27ന് ആഭ്യന്തരമന്ത്രി രാജ്യസഭയിൽ നൽകിയ ഏഴ് പേജ് മറുപടിയിൽ കേരളം ഓരോ ഘട്ടത്തിലും നൽകിയ നിവേദനങ്ങളുടെ വിശദാംശങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇപ്പോൾ കേന്ദ്രം പറയുന്നത് കേരളം നിവേദനം നൽകാൻ വൈകിയെന്നാണ്. കേന്ദ്ര ഏജൻസികൾ നടത്തിയ മുഴുവൻ പ്രവർത്തനങ്ങളുടെയും പണം കണക്ക് പറഞ്ഞ് വാങ്ങുകയാണെന്നും എംപിമാർ ചൂണ്ടിക്കാട്ടി. കെ രാധാകൃഷ്‌ണൻ, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, കെ സുധാകരൻ, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഇ ടി മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി, രാജ്‌മോഹൻ ഉണ്ണിത്താൻ, എൻ കെ പ്രേമചന്ദ്രൻ, ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. Read on deshabhimani.com