രണ്ടുകോടി തൊഴിൽ എവിടെ ; കേന്ദ്രസർവീസിൽ പത്തുലക്ഷം തൊഴിൽ പ്രഖ്യാപനം തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള തട്ടിപ്പ്
ന്യൂഡൽഹി ഒന്നരവർഷംകൊണ്ട് കേന്ദ്രസർവീസിൽ പത്തുലക്ഷം തൊഴിൽ സൃഷ്‌ടിക്കുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള തട്ടിപ്പ്. തൊഴിൽ നൽകൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് 2023 ഡിസംബറിലാണ്. അതിന് നാലുമാസത്തിനുശേഷമാണ് 2024 പൊതുതെരഞ്ഞെടുപ്പ്. എട്ടുവർഷത്തെ മോദിയുടെ ഭരണം രാജ്യത്തെ നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മയിലേക്കാണ് തള്ളിവിട്ടത്. മേയിൽ ഇത് 7.12 ശതമാനമാണ്. വർഷംതോറും രണ്ടുകോടി തൊഴിൽ സൃഷ്‌ടിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മോദി വാഗ്‌ദാനം മറന്നു. മാത്രമല്ല അപ്രഖ്യാപിത നിയമന നിരോധനം ഏർപ്പെടുത്തി. 8,75,158 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്റില്‍ സമ്മതിച്ചിട്ടുണ്ട്.നിലവിലുള്ള ഒഴിവ് നികത്താതെയുള്ള പ്രഖ്യാപനത്തില്‍ ആത്മാർഥതയില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. യുവജനങ്ങളോടുള്ള കടുത്ത അനീതിയാണിതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഗുജറാത്ത്, ഹിമാചൽപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിൽ തൊഴിലില്ലായ്‌മ തിരിച്ചടിയാകുമെന്ന ഭയവും ബിജെപിക്കുണ്ട്. റെയിൽവേ റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ കൃത്രിമം ആരോപിച്ച് ഉത്തരേന്ത്യയിൽ ഉദ്യോഗാർഥികൾ കലാപമഴിച്ചുവിട്ടിരുന്നു. 2022 ജനുവരിയിൽ യുപിയിലും ബിഹാറിലും സംഘർഷമുണ്ടായി. ബിജെപി ഭരിക്കുന്ന അസമിൽ 26,000 ഒഴിവിലേക്കുള്ള വിജ്ഞാപനത്തിന് 12 ലക്ഷംപേരാണ് അപേക്ഷിച്ചത്. 2021 ഡിസംബറിൽ രാജ്യത്ത് 5.3 കോടി തൊഴിൽരഹിതരുണ്ട്. Read on deshabhimani.com