ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാർഗനിർദേശം നൽകാൻ കമ്മിറ്റി
ന്യൂഡൽഹി > തൊഴിലിടങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും നിർദ്ദേശിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ഡൽഹിയിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡൻ്റ് ഡോക്ടർമാരുടെ സംഘടന പ്രതിനിധികൾ കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തൊഴിലിടങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് അസോസിയേഷനുകൾ ഉന്നയിച്ച ആവശ്യങ്ങളിൽ വേണ്ട നടപടികളെടുക്കുമന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിനായി 26 സംസ്ഥാനങ്ങൾ ഇതിനകം നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. അസോസിയേഷനുകൾ പ്രകടിപ്പിച്ച ആശങ്കകൾ കണക്കിലെടുത്ത്, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും നിർദ്ദേശിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രാലയം ഉറപ്പ് നൽകി. Read on deshabhimani.com