കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരന്‍ ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി
ബംഗളൂരു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥിത്വം വാഗ്ദാനംചെയ്ത് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷി പണം തട്ടിയെന്ന് കേസ്. ജെഡിഎസ് മുൻ എംഎൽഎ ദേവാനന്ദ് ഫൂൽ സിങ് ചൗഹാന്റെ ഭാര്യ സുനിത ചൗഹാന്റെ പരാതിയില്‍ ബസവേശ്വര്‍നഗര്‍ പൊലീസാണ് കേസെടുത്തത്. സീറ്റ് വാഗ്ദാനംചെയ്തും അല്ലാതെയുമായി രണ്ടു കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് പരാതി. പണം തിരികെ ചോദിച്ചപ്പോള്‍ തന്നെയും മകനെയും ഗുണ്ടകള്‍ ആക്രമിച്ചെന്നും സുനിത ചൗഹാന്റെ പരാതിയിലുണ്ട്. ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന് എസ്‍സി, എസ്ടി അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഗോപാൽ ജോഷിയുടെ മകന്‍ അജയ് ജോഷിക്കെതിരെയും പരാതിയുണ്ട്. പ്രഹ്ലാദ് ജോഷിയുടെ രാജി ആവശ്യപ്പെട്ട് കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമായി. സഹോദരനുമായി ഇപ്പോള്‍ ബന്ധമില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കാനറ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഗോപാൽ 1.38 കോടിയുടെ നഷ്ടം ബാങ്കിനുണ്ടാക്കിയെന്ന കേസിൽ കുറ്റാരോപിതനായെങ്കിലും 2014ൽ സിബിഐ ക്ലീൻ ചിറ്റ് നൽകി. Read on deshabhimani.com