മണിപ്പൂർ കലാപം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ 23 വരെ അടച്ചിടും
ഇംഫാൽ > മണിപ്പൂരിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇംഫാൽ താഴ്‌വരയിലുള്ള എല്ലാ സ്കൂളുകളും കോളേജുകളും നവംബർ 23 വരെ അടച്ചിടും. വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ദര്യാൽ ജുലി അനാൽ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സംഘർഷത്തെ തുടർന്ന് വിവിധ ജില്ലകളിൽ കർഫ്യൂ തുടരുന്നതിനാലും വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷയും കണക്കിലെടുത്താണ് അവധി നൽകുന്നതെന്ന് ദര്യാൽ ജുലി അനാൽ പറഞ്ഞു. എല്ലാ സർക്കാർ, സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബർ 23 വരെ അടച്ചിടും. ജിരിബാം ജില്ലയിൽ നിന്ന് കാണാതായ ആറ് പേരുടെമൃതദേഹം കണ്ടെത്തിയതോടെയാണ് വടക്ക്-കിഴക്കൻ ഇംഫാൽ മേഖലയിൽ പ്രക്ഷോഭം കനത്തത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾ ഉൾപ്പെടെ ആക്രമിക്കപ്പെട്ടു. അതേസമയം, മണിപ്പുരിൽ ഏർപ്പെടുത്തിയ മൊബൈൽ ഇന്റർനെറ്റ് നിരോധനം മൂന്നു ദിവസംകൂടി നീട്ടി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്കിങ്, ബിഷ്ണുപുർ, തൗബാൽ, ചുരാചന്ദ്പുർ, കാങ്‌പോപ്പി ജില്ലകളിലെ ഇന്റർനെറ്റ് നിരോധനമാണ് ബിരേൻസിങ് സർക്കാർ നീട്ടിയത്. Read on deshabhimani.com