പഞ്ചാബിൽ തകർന്നടിഞ്ഞ് ബിജെപി; നാലിടത്തും മൂന്നാമത്
ചണ്ഡീഗഡ്> ബിജെപിയെ മൂന്നാമതാക്കി പഞ്ചാബ്. പഞ്ചാബ് നിയമസഭാ ഉപതെരരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ പിന്നിലാക്കി നാലിൽ മൂന്നിടത്തും മുന്നിട്ടുനിൽക്കുകയാണ് ആം ആദ്‌മി പാർടി(എഎപി). ചബ്ബേവാലിലും ഗിദ്ദർബാഹയിലും ദേരാ ബാബ നാനാകിലുമാണ് എഎപി മുന്നിട്ടുനിൽക്കുന്നത്. ബർണാലയിൽ കോൺഗ്രസുമാണ് മുന്നേറുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന നാലു മണ്ഡലങ്ങളിലും മൂന്നാമതാണ് ബിജെപി. പതിമൂന്നാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ചബ്ബേവാലിൽ എഎപിയുടെ ഇഷാങ്ക് കുമാർ ചബ്ബേവാൽ 26050 വോട്ടുകൾക്ക് ലീഡ് നേടിയിരിക്കുകയാണ്. ഗിദ്ദർബാഹയിൽ ആറ് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ, എഎപിയുടെ ഹർദീപ് സിംഗ് ഡിംപി ധില്ലൻ 9604 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിങ്ങിന്റെ ഭാര്യ അമൃത വാറിങ്ങാണ് രണ്ടാം സ്ഥാനത്ത്. ഗിദ്ദർബാഹയിൽ ബിജെപിയുടെ സ്ഥാനാർഥി പഞ്ചാബ് മുൻ ധനമന്ത്രി മൻപ്രീത് സിംഗ് ബാദലാണ്. 6936 വോട്ടുകൾ മാത്രമാണ് ബാദലിന് നേടാനായത്. ബാദലിന്റെ മൂന്നാം സ്ഥാനം ദേശീയ തലത്തിൽതന്നെ ബിജെപിക്ക് തിരിച്ചടിയാണ്. Read on deshabhimani.com